
ലക്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ജൈന വിഭാഗം നടത്തിയ നിർവാണ ലഡു മഹോത്സവത്തിനിടെ താത്കാലിക സ്റ്റേജ് തകർന്നുവീണ് ആറ് പേർക്ക് ദാരുണാന്ത്യം. ജൈന ശിഷ്യന്മാരും പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരിൽപ്പെടുന്നു. 60ലധികം പേർക്ക് പരിക്കേറ്റു. ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരനായ ഭഗവാൻ ആദിനാഥിന്റെ പേരിലുള്ള 'നിർവാണ ലഡു പർവ്' എന്ന സ്ഥലത്തെ താത്കാലിക സ്റ്റേജാണ് തകർന്നത്. ജനങ്ങൾക്കായി മുള കൊണ്ടുള്ള സ്റ്റേജാണ് നിർമ്മിച്ചിരുന്നത്. തിരക്ക് വർദ്ധിച്ചപ്പോൾ ഭാരം താങ്ങാനാവാതെ സ്റ്റേജ് തകരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്. നിസാര പരിക്കുള്ളവരെ പ്രാഥമികശുശ്രൂഷ നൽകി വിട്ടയച്ചു.
ഉത്തർപ്രദേശിലെ പ്രാദേശിക ജൈന സമൂഹം വർഷം തോറും ആചരിച്ചുവരുന്നതാണ് ലഡു മഹോത്സവം. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |