
ന്യൂഡൽഹി: സർക്കാരിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' പരാജയമാണെന്നും ഇന്ത്യ ചൈനീസ് ഉത്പന്നങ്ങളെ അമിതമായി ആശ്രയിക്കുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചയ്‌ക്ക് മറുപടി നൽകും.
ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് കരസേനാ മേധാവി പറഞ്ഞിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ' പരാജയപ്പെട്ടതിനാലാണ് ചൈന കടന്നുകയറിയത്. ഇന്ത്യയുടെ യുദ്ധ ഉപകരണങ്ങളിൽ ചൈനീസ് നിർമ്മിത ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളുമാണുള്ളത്. ചൈനയുമായി യുദ്ധമുണ്ടായാൽ ഇത് തിരിച്ചടിക്കും.
രാജ്യം ഉപഭോഗ മേഖലയിൽ മുന്നിലാണെങ്കിലും ഉത്പാദനത്തിൽ പിന്നിലാണ്. ഇന്ത്യൻ കമ്പനികൾ ഉത്പാദനം ചൈനയ്ക്ക് ഔട്ട്‌സോഴ്‌സ് ചെയ്‌തിരിക്കുന്നു. 'ഇന്ത്യൻ നിർമിതം' എന്ന് അവകാശപ്പെടുന്ന മൊബൈൽ ഫോണുകളുടെ ഭാഗങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്‌ത് കൂട്ടിച്ചേർക്കുകയാണ്. അടിസ്ഥാനപരമായി ഇന്ത്യ ചൈനയെ ആശ്രയിക്കുകയും അവർക്ക് നികുതി നൽകുകയും ചെയ്യുന്നു. നിർമ്മിത ബുദ്ധിയിൽ(എ.ഐ) മുന്നറാൻ ആവശ്യമായ ഡാറ്റ ഇന്ത്യയിൽ ഇല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
എ.ഐ സാങ്കേതികവിദ്യയ്ക്ക് ഇന്ധനം നൽകുന്നത് ഡാറ്റയാണ്. ഇന്ത്യ ലോകത്തിലെ ഡിജിറ്റൽ ഡാറ്റയുടെ 20 ശതമാനം ഉത്പാദിപ്പിക്കുന്നെങ്കിലും ചെറിയ ഭാഗം മാത്രമേ ഇവിടെ സംഭരിക്കുന്നുള്ളൂ. ഫോൺ, ഇലക്ട്രിക് കാർ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഡാറ്റ ചൈനയുടേതാണ്. അവയുടെ ഉപഭോഗ ഡാറ്റ അമേരിക്കയുടേതും. ചൈനയ്‌ക്ക് സ്വന്തം ഉപഭോഗ ഡാറ്റ ഉണ്ട്. ഇന്ത്യയിലെ ഉപഭോഗ ഡാറ്റ ഗൂഗിൾ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് പോലുള്ള കമ്പനികളുടെ കൈവശമാണ്. എ.ഐയെ പോഷിപ്പിക്കാൻ തദ്ദേശീയ ഡാറ്റാബേസ് സ്രോതസ് അനിവാര്യമാണ്.
'ട്രംപിന്റെ ക്ഷണം കിട്ടാൻ
ജയശങ്കറിന്റെ ദൂത്'
യു.എസ് സന്ദർശനത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം കിട്ടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശകാര്യ മന്ത്രി ജയശങ്കറിനെ സത്യപ്രതിജ്ഞാ ചടങ്ങിന് അയച്ചതെന്ന രാഹുലിന്റെ പരാമർശം ഭരണപക്ഷത്തെ ചൊടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നിലിരുത്തിയായിരുന്നു രാഹുലിന്റെ പരാമർശം. തന്റെ മുഖത്ത് നോക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്‌തു. മികച്ച ഉത്പാദന സംവിധാനവും സാങ്കേതിക വിദ്യയുമുണ്ടെങ്കിൽ യു.എസ് പ്രസിഡന്റ് ഇവിടെ വന്ന് പ്രധാനമന്ത്രിയെ ക്ഷണിക്കുമായിരുന്നുവെന്നും രാഹുൽ പറഞ്ഞു.
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതാണ് പരാമർശമെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രതിപക്ഷ നേതാവ് പറയരുതെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ചൂണ്ടിക്കാട്ടി.
പ്രതിഷേധം കനത്തത്തോടെ രാഹുൽ ഖേദം പ്രകടിപ്പിച്ചു. 'മനസ്സമാധാനം കെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു' രാഹുൽ പറഞ്ഞു.
നുണകൾ രാഷ്ട്രീയ ലക്ഷ്യം കൈവരിക്കാൻ ഉദ്ദേശിച്ചുള്ളതായിരിക്കാമെന്നും പക്ഷേ അവ വിദേശത്ത് രാഷ്ട്രത്തിന് ദോഷം ചെയ്യുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പിന്നീട് എക്‌സിൽ കുറിച്ചു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറിയെയും സുരക്ഷാ ഉപദേഷ്‌ടാവിനെയും കാണാനും കോൺസൽ ജനറലിന്റെ യോഗത്തിൽ പങ്കെടുക്കാനുമാണ് യു.എസിൽ പോയതെന്ന് ജയശങ്കർ വിശദീകരിച്ചു. പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന കാര്യം ഒരു ഘട്ടത്തിലും ചർച്ച ചെയ്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |