
ന്യൂഡൽഹി: വസന്ത പഞ്ചമി ദിനമായ ഇന്നലെ ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ കുംഭമേളയ്‌ക്കെത്തി ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്‌തത് 16.58 ലക്ഷം തീർത്ഥാടകർ. ഇതുവരെ 34.97 കോടിപേർ കുംഭമേളയ്ക്ക് എത്തിയെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. കുംഭമേളയിലെ പ്രധാന അമൃത് സ്‌നാനങ്ങളിലൊന്നാണ് ഇന്നലെ നടന്നത്. വസന്ത പഞ്ചമി സരസ്വതി ദേവി ജനിച്ച ദിവസമാണെന്നാണ് വിശ്വാസം.
ഇന്നലെ തീർത്ഥാടകർക്ക് മേൽ ഹെലിക്കോപ്ടറുകളിൽ റോസാ ദളങ്ങൾ വർഷിച്ചു. ജനുവരി 29ന് മൗനി അമാവാസി ദിനത്തിൽ തിക്കിലും തിരക്കിലും 30 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിൽ സർക്കാർ സംവിധാനങ്ങൾ അതീവ ജാഗ്രതയിലായിരുന്നു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. അടുത്ത പ്രധാന സ്‌നാനം 12ന് മാഘ പൗർണമി ദിനത്തിലാണ്.
ഇടപെടാതെ സുപ്രീംകോടതി
മൗനി അമാവാസി ദിനത്തിൽ തിക്കിലും തിരക്കിലും 30 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. നിർഭാഗ്യകരമായ സംഭവമാണ്. ജുഡിഷ്യൽ കമ്മിഷൻ രൂപീകരിച്ചിട്ടുണ്ട്. ഹർജിക്കാരനായ അഡ്വ. വിശാൽ തിവാരിക്ക് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി.സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ദുരന്തം സംബന്ധിച്ച് യു.പി സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |