
ബെംഗളൂരു: ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്ത വായ്പകൾ തിരിച്ചടക്കേണ്ടെന്ന് കർണാടക സർക്കാർ. രണ്ട് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച കർണാടക മൈക്രോ ഫിനാൻസ് ഓർഡിനൻസിന്റെ കരട് പകർപ്പ് പുറപ്പെടുവിക്കും. രജിസ്റ്റർ ചെയ്യാത്ത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങി ബാദ്ധ്യത താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണിത്.
ലൈസൻസ് ഇല്ലാത്തതും രജിസ്റ്റർ ചെയ്യാത്തുമായ മൈക്രോ ഫിനാൻസിൽ നിന്ന് കടം വാങ്ങുന്നയാളുടെ പലിശ അടക്കമുള്ള എല്ലാ വായ്പകളും പൂർണമായി ഒഴിവാക്കിയതായി കണക്കാക്കും. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട ഇത്തരം കേസുകൾ ഒരു സിവിൽ കോടതിയും സ്വീകരിക്കില്ല. ഇത്തരം കെട്ടിക്കിടക്കുന്ന എല്ലാ കേസുകളുടെയും നടപടികൾ അവസാനിപ്പിക്കുമെന്നുമ ഓർഡിനൻസിൽ പറയുന്നു.
എന്നാൽ, രജിസ്റ്റർ ചെയ്ത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെയും ഓർഡിനൻസ് ബാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. പുതിയ ഓർഡിൻസ് രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ സ്ഥാപനങ്ങളുടെ ലോൺ റിക്കവറിയെ ബാധിക്കുമെന്നും കോടതിയിൽ ഇത് ചോദ്യം ചെയ്യപ്പെടുന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
പുതിയ ഡ്രാഫ്റ്റ് പ്രകാരം നിയമം പ്രാബല്യത്തിൽ വന്ന ശേഷം 30 ദിവസത്തിനുള്ളിൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം. പ്രവർത്തനങ്ങൾ, ലോൺ റിക്കവറി, പലിശ എന്നിവയെ കുറിച്ചും വ്യക്തത വരുത്തണം. രജിസ്റ്റർ പുതുക്കേണ്ടവർ 60 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
പുതിയ നിയമപ്രകാരം കടം വാങ്ങുന്നയാൾക്ക് മനസ്സിലാകുന്ന പ്രാദേശിക ഭാഷയിൽ എല്ലാ വിശദാംശങ്ങളും ഉള്ള വായ്പാ കാർഡുകൾ വായ്പ വാങ്ങുന്ന വ്യക്തിക്ക് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ നൽകണം. എല്ലാ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിലും പലിശ വിവരങ്ങൾ സ്ഥാപിക്കണം. വായ്പയെടുക്കാൻ വരുന്നവരുമായി കന്നഡയിൽ ആശയവിനിമയം നടത്തണം.നിർദിഷ്ട ഓർഡിനൻസിലെ വ്യവസ്ഥകളിൽ ലംഘനം ഉണ്ടായാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |