SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

മദ്ധ്യപ്രദേശിലെ 52 കിലോ സ്വർണം, 11 കോടി രൂപ : ചുരുളഴിയുന്നു

madhyapradesh

ഭോപ്പാൽ: മാസങ്ങൾക്കുമുമ്പ് കാട്ടിലുപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 52 കിലോ സ്വ‌ർണവും 11 കോടി രൂപയും വഴി തെളിച്ചത് മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ അഴിമതി കേസിലേക്കാണ്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ആദായനികുതി വകുപ്പ് (ഐ.ടി), ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ), ലോകായുക്ത പോലീസ് എന്നിവർ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഗതാഗത വകുപ്പിലെ മുൻ കോൺസ്റ്റബിളായ സൗരഭ് ശർമ്മയിൽ.
സ്വർണവും പണവും കണ്ടെത്തിയ ഇന്നോവ കാർ സൗരഭിന്റെ സഹായി ചേതൻ സിംഗ് ഗൗറിന്റേതാണ് കണ്ടെത്തി. 2024 ഡിസംബറിൽ സൗരഭിന്റെ വീട്ടിൽ റെയ്ഡ് നടന്നപ്പോൾ കാറിൽ സ്വർണവും പണവും നിറച്ച് ഇവർ കടന്നുകളയുകയായിരുന്നു. റെയ്ഡ് നടക്കുന്നതിനിടെ സൗരഭിന്റെ കുറച്ച് അകലെയുള്ള വീട്ടിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് കടത്തിയത്. ഇത് പിന്നീട് കാട്ടിൽ ഉപേക്ഷിച്ചു. അന്ന് സൗരഭിന്റെ വീട്ടിൽ നിന്ന് പണവും സ്വർണവും ഉൾപ്പെടെ എട്ട് കോടി രൂപയുടെ വസ്തുക്കളാണ് കണ്ടെടുത്തത്. ഒരൊറ്റ ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണം നിലവിൽ മദ്ധ്യപ്രദേശിലുടനീളമുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഉൾപ്പെടുന്ന അഴിമതിയുടെ ശൃംഖല വ്യക്തമാക്കുന്നതായി.

ചേതൻ സൗരഭുമായുള്ള ബന്ധം നിഷേധിച്ചു. കാർ തനിക്ക് പരിചയമില്ലാത്ത ഒരു വ്യക്തിക്ക് വാടകയ്ക്ക് നൽകിയതാണെന്നായിരുന്നു ചേതന്റെ വാദം. എന്നാൽ റെയ്ഡ് നടന്ന രാത്രി സൗരഭിന്റെ വീടിന്റെ സമീപം ഈ കാർ വന്നതിന്റെ സി.സി ടിവി ദൃശ്യം കണ്ടെത്തിയതോടെ വാദം പൊളിഞ്ഞു. ആശ്രിത നിയമനമായി ലഭിച്ച ജോലി 2023ൽ രാജിവച്ച സൗരഭ്

റിയൽ എസ്‌റ്റേറ്റ് രംഗത്തേക്ക് കടന്നു. പ്രമുഖ ബിൽഡർമാരുമായി അടുപ്പം സ്ഥാപിച്ചു. പിന്നെ അപ്രതീക്ഷിതമായ വളർച്ച. സ്‌കൂൾ,​ ഹോട്ടൽ തുടങ്ങി നിരവധി സ്ഥാപനങ്ങൾ സൗരഭിന്റേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പേരിലുണ്ട്.

സ്വത്തിൽ പൊരുത്തക്കേട്

സൗരഭ് ശർമ്മയുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ സംബന്ധിച്ച് ലോകായുക്തയുടെ റിപ്പോർട്ടിൽ പൊരുത്തക്കേടുകൾ ഉണ്ട്. 7.98 കോടി രൂപ കണ്ടെടുത്തെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ആഭരണങ്ങളും വെള്ളിയും ഉൾപ്പെടെ 55 ലക്ഷം രൂപ മാത്രമാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥൻ പിന്നീട് പറഞ്ഞു. കണക്കിലെ ഈ പൊരുത്തക്കേടുകൾ ബോധപൂർവമായ തെറ്റിദ്ധാരണ ജനിപ്പിക്കാൻ വേണ്ടിയാണോ എന്നത് ഉൾപ്പെടെ നിരവധി ചോദ്യങ്ങൾ ഉയർത്തി.

അന്വേഷണത്തിലെ അലംഭാവമാണെന്ന വിമർശനങ്ങളുമുയർന്നു.

100 കോടിയുടെ ഇടപാട്

ഏകദേശം 100 കോടി രൂപയുടെ അനധികൃത ഇടപാടുകൾ ആദായ നികുതി വകുപ്പ് കണ്ടെത്തി. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ കണ്ണികളായ അഴിമതി കഥകളും പുറത്തുവന്നു. 52 ജില്ലകളിലായി ഇവർ അഴിമതി നടത്തി. ദുബായ്, സ്വിറ്റ്സർലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള സ്വർണക്കടത്തും അന്വേഷിച്ചുവരുന്നു.

നിലവിൽ സൗരഭ് ശർമയും സഹായികളായ ചേതനും ശരത് ജെയ്സ്വാളും ജുഡിഷ്യൽ കസ്റ്റഡിയിലാണ്. മദ്ധ്യ പ്രദേശിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് മദ്ധ്യ പ്രദേശിന്റെ മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360