
ന്യൂഡൽഹി: ചിപ്പ് രൂപകൽപനയ്‌ക്കുള്ള മികവിന്റെ കേന്ദ്രം ഡൽഹി അതിർത്തിയിലെ നോയിഡയിൽ പ്രവർത്തനം ആരംഭിച്ചു. സെമികണ്ടക്‌ടർ ഉത്പാദനത്തിൽ സ്വയം പര്യാപ്‌തമാകാനും ആഗോളതലത്തിൽ നേതൃനിരയിലെത്താനും ലക്ഷ്യമിട്ടാണ് പ്രവർത്തനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (എൻ.ഐ.എൽ.ഐ.ടി)നോയിഡ ക്യാമ്പസിൽ സ്ഥാപിച്ച കേന്ദ്രം ഇലക്ട്രോണിക്സ് - വിവരസാങ്കേതികവിദ്യ മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു.
വി.എൽ.എസ്.ഐ (വെരി ലാർജ്-സ്കെയിൽ ഇന്റഗ്രേഷൻ), ചിപ്പ് രൂപകല്പന എന്നിവയിൽ ഗവേഷണം, നൂതനാശയം, പരിശീലനം എന്നിവയ്ക്കായി അത്യാധുനിക സൗകര്യങ്ങൾ ഇവിടെയുണ്ട്. നൂതന ചിപ്പ് രൂപകല്പന പദ്ധതികളിൽ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഗവേഷകർ എന്നിവർക്കിടയിലെ ഏകോപന കേന്ദ്രമായി കേന്ദ്രത്തിലെ പ്രോജക്ട് ലാബ് പ്രവർത്തിക്കും. നൂതന അദ്ധ്യാപന രീതികൾ ഉൾക്കൊള്ളുന്ന സ്മാർട്ട് ക്ലാസ് റൂം വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള പഠനാനുഭവം നൽകും. സെമികണ്ടക്ടർ, ചിപ്പ് രൂപകല്പന വ്യവസായ മേഖലയിൽ വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇലക്‌ട്രോണിക് ഉത്പാദന മേഖലയിലെ വർദ്ധിച്ചുവരുന്ന സെമികണ്ടക്‌ടർ ആവശ്യം പരിഹരിക്കാൻ കേന്ദ്രം സഹായമാകും. അംഗീകൃത സ്റ്റാർട്ടപ്പായ എസ്.ഒ.സി ടീം അപ്പ് സെമികണ്ടക്റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് മികവിന്റെ കേന്ദ്രം ഒരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |