
ന്യൂഡൽഹി: പ്രയാഗ്രാജ് കുംഭമേളയുടെ ആത്മീയതയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ രാവിലെ 10ന് പ്രയാഗ്രാജ് വിമാനത്താവളത്തിലെത്തിയ മോദി, 10.45ഓടെ കുംഭമേളയുടെ മേഖലയിലെത്തി. അവിടെ നിന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ബോട്ടിൽ ത്രിവേണി സംഗമത്തിലേക്ക് പോയി. ഗംഗ, യമുന, സരസ്വതി നദീകളുടെ സംഗമ സ്ഥാനമായ ത്രിവേണി സംഗമത്തിൽ 11.20 ഓടെ പുണ്യ സ്നാനം ചെയ്തു.
ഇന്നലെ ഭീഷ്മ് അഷ്ടമിയായിരുന്നു. കാവി കളർ ജാക്കറ്റും, നീല ട്രാക് പാന്റ്സും രുദ്രാക്ഷ മാലയും ധരിച്ചാണ് ത്രിവേണി സംഗമത്തിൽ ഇറങ്ങിയത്. സ്നാനം ചെയ്ത് കഴുത്തിലണിഞ്ഞിരുന്ന രുദ്രാക്ഷമാല കൈയിലെടുത്ത് ജപിച്ചു. പിന്നീട് പൂജയും അർച്ചനകളും ആരതിയും നടത്തി. ഈ സമയം കറുത്ത കുർത്തയും, ഹിമാചലി തൊപ്പിയുമാണ് ധരിച്ചത്. ഉച്ചയ്ക്ക് 12.30ഓടെ മടങ്ങി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മോദി കുംഭമേളയ്ക്ക് പോയത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
മഹാഭാഗ്യമെന്ന് മോദി
ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യാൻ കഴിഞ്ഞത് മഹാഭാഗ്യമെന്ന് മോദി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. ദൈവീക ബന്ധത്തിന്റെ നിമിഷമായിരുന്നു. കുംഭമേളയിൽ പങ്കെടുത്ത കോടിക്കണക്കിന് ആൾക്കാരെപ്പോലെ താനും ഭക്തിയുടെ ആത്മാവിൽ അലിഞ്ഞു. ഗംഗാ മാതാവിന്റെ അനുഗ്രഹത്താൽ സമാധാനവും സംതൃപ്തിയും ലഭിച്ചു. രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിച്ചു. ഗംഗാ മാതാവ് ഏവർക്കും സമാധാനവും ജ്ഞാനവും ആരോഗ്യവും ഐക്യവും നൽകി അനുഗ്രഹിക്കട്ടെയെന്നും എക്സിൽ എഴുതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |