
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മദ്യനയ ഇടപാട്,ഔദ്യോഗിക വസതി മോടി പിടിപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടുകൾ 25ന് ബി.ജെ.പി സർക്കാർ നിയമസഭയിൽ വയ്‌ക്കും. നിയുക്ത നിയമസഭാ സ്‌പീക്കർ വിജേന്ദർ ഗുപ്‌തയാണ് ഇക്കാര്യമറിയിച്ചത്. 14 സി.എ.ജി റിപ്പോർട്ടുകൾ നിയമസഭയുടെ മേശപ്പുറത്തു വയ്‌ക്കാൻ വ്യാഴാഴ്ചത്തെ ആദ്യ കാബിനറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു. 24,25,27 തീയതികളിലാണ് നിയമസഭാ സമ്മേളനം. സി.എ.ജി റിപ്പോർട്ടുകൾ നിയമസഭയിൽ വയ്‌ക്കുന്നത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്ന് ആംആദ്മി നേതാവും,മുൻ മുഖ്യമന്ത്രിയുമായ അതിഷി പ്രതികരിച്ചു.
ബി.ജെ.പി - ആംആദ്മി
വാക്പോര്
ഡൽഹിയിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റ് അടുത്ത ദിവസം തന്നെ രാഷ്ട്രീയ വാക്പോര്. സ്ത്രീകൾക്ക് മാസം 2,500 രൂപയെന്ന വാഗ്ദാനത്തിൽ ആദ്യ കാബിനറ്റിൽ തീരുമാനമെടുക്കാത്തതിനെ ആംആദ്മി പാർട്ടി ചോദ്യം ചെയ്‌തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും,ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും നൽകിയ വാഗ്ദാനമാണെന്ന് ചൂണ്ടിക്കാട്ടി. ആദ്യ കാബിനറ്റിൽ പ്രഖ്യാപിക്കുമെന്ന നേതാക്കളുടെ വാക്ക് ലംഘിക്കപ്പെട്ടെന്ന് അതിഷി ആരോപിച്ചു. യഥാർത്ഥ ഗ്യാരന്റിയായിരുന്നുവെങ്കിൽ വ്യാഴാഴ്ചത്തെ കാബിനറ്റിൽ തീരുമാനമുണ്ടാകുമായിരുന്നുവെന്ന് പരിഹസിച്ചു. എന്നാണ് തുക കൊടുക്കാൻ പോകുന്നതെന്നും അതിഷി ചോദിച്ചു. തങ്ങളെ ചോദ്യം ചെയ്യാൻ അതിഷിക്ക് ഒരു അവകാശവുമില്ലെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്‌ത തിരിച്ചടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |