
രക്ഷാപ്രവർത്തനം തുടരുന്നു
ഹൈദരാബാദ്: തെലങ്കാനയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം തകർന്നുവീണ് രണ്ട് സൈറ്റ് എൻജിനിയർമാർ ഉൾപ്പെടെ എട്ട് തൊഴിലാളികൾ കുടുങ്ങി. നാഗർകുർണൂലിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് ഇന്നലെ രാവിലെ പത്തോടെ തകർന്നത്.
തുരങ്കത്തിലെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴായിരുന്നു അപകടം. മനോജ് കുമാർ,ശ്രീനിവാസ്,സന്ദീപ് സാഹു,ജഗ്ത സെസ്,സന്തോഷ് സാഹു,അനൂജ് സാഹു,സണ്ണി സിംഗ്,ഗുർപീത് സിംഗ് എന്നിവരാണ് അപകടത്തിൽപെട്ടത്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
തുരങ്കത്തിൽ 14 കിലോമീറ്ററിനുള്ളിലെ ഇടതുവശത്തെ മേൽക്കൂരയുടെ മൂന്നുമീറ്റർ ഭാഗമാണ് അടർന്നുവീണത്. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന 51 തൊഴിലാളികളിൽ 43 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
തെലങ്കാന ജലസേചന മന്ത്രി ഉത്തം കുമാർ റെഡ്ഡിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതിനിടെ മേൽക്കൂര തകർന്ന് തുരങ്കത്തിലേക്ക് ചെളിയും വെള്ളവും കയറുന്നത് തടസം സൃഷ്ടിക്കുകയാണെന്നും സൈന്യത്തിന്റെ സഹായം തേടിയെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടങ്ങിയവരെ രക്ഷിച്ച ടീമുകളെ സംസ്ഥാന സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ സഹായം വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം പഞ്ഞു.
ജില്ലാ കളക്ടർ,എസ്.പി,ഫയർഫോഴ്‌സ്,ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരോട് സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദ്ദേശം നൽകി. കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡി സംസ്ഥാന സർക്കാരിൽ നിന്ന് അപകടം സംബന്ധിച്ച വിവരങ്ങൾ തേടിയിട്ടുണ്ട്.
തുറന്നത് നാലുദിവസം മുമ്പ്
അംറബാദിൽ സ്ഥിതി ചെയ്യുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്. നിർമ്മാണം പൂർത്തിയാകാത്തതിനാൽ കഴിഞ്ഞ അഞ്ചുവർഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഫെബ്രുവരി 18നാണ് അമ്രാബാദിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ (എസ്.എൽ.ബി.സി) പദ്ധതി വീണ്ടും ആരംഭിച്ചത്. നൽഗൊണ്ട ജില്ലയിലെ ഏകദേശം 4 ലക്ഷം ഏക്കറിൽ ജലസേചന സൗകര്യമൊരുക്കുക,ഫ്ലൂറൈഡ് ബാധിത പ്രദേശങ്ങളായ 200ഓളം ഗ്രാമങ്ങളിൽ കുടിവെള്ളം നൽകുക എന്നിവ നടപ്പാക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചത്. 2026 ഡിസംബറോടെ തുരങ്കത്തിന്റെ ജോലി പൂർത്തിയാക്കാനായിരുന്നു പദ്ധതി.
2,292 കോടിയ്ക്ക് 2005ലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. തുടർന്ന് 2017ൽ ചെലവ് 3,153 കോടിയായും 2024ൽ 4,637 കോടിയായും ഉയർത്തി. ഏകദേശം 2,646 കോടി പദ്ധതി പ്രവർത്തനങ്ങൾക്കായി ഇതുവരെ ചെലവഴിച്ചു.
തകർച്ചയുടെ സാദ്ധ്യത ഇല്ലാതാക്കുന്നതിനായി, വെള്ളം ഒഴുകുന്നത് തടഞ്ഞ് ടണലിന്റെ പൂർത്തിയായ ലൈനർ പുനഃസ്ഥാപിച്ചുകൊണ്ട് വർക്ക് ഏജൻസി പദ്ധതി പുനരാരംഭിച്ചു. ശ്രീശൈലം റിസർവോയറിൽ നിന്ന് 30 ടി.എം.സി അടി വെള്ളം എടുക്കുന്നതിനായി ഇരട്ട തുരങ്കങ്ങളുടെ ആകെ നീളം 44 കിലോമീറ്ററാണെന്നും മൊത്തം തുരങ്ക നീളത്തിൽ 9.559 കിലോമീറ്റർ തുരങ്കത്തിന്റെ പണികൾ പൂർത്തിയാകാതെ കിടക്കുന്നുവെന്നും പദ്ധതി അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |