SignIn
Kerala Kaumudi Online
Sunday, 25 October 2026 1.38 AM IST

നാവിക് 3 വിക്ഷേപണം 30ന്: സ്മാർട്ട് ഫോണുകളിൽ കൃത്യ ലൊക്കേഷൻ കിട്ടും

READ ENGLISH VERSION

gslv
നാവിക് 03 ഉപഗ്രഹ വിക്ഷേപണത്തിന് സജ്ജമാക്കി ശ്രീഹരിക്കോട്ടയിൽ നിറുത്തിയിരിക്കുന്ന ജി.എസ്.എൽ.വി.എഫ്. 18 റോക്കറ്റ്

തിരുവനന്തപുരം: സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച്, ഫിറ്റ്നെസ് ട്രാക്കറുകൾ എന്നിവയിൽ നമ്മൾ തേടുന്ന ലൊക്കേഷൻ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നതിന് ഐ.എസ്.ആർ.ഒയുടെ ഏറ്റവും പുതിയ നാവിക് ഉപഗ്രഹം 30ന് വിക്ഷേപിക്കും.

വലിയ കെട്ടിടങ്ങളും തിരക്കുള്ള നഗരങ്ങളിലും കൃത്യമായ സിഗ്നൽ ലഭിക്കും. ഗൂഗിൾ മാപ്, ഓൺലൈൻ ടാക്സി സർവീസുകൾ, ഡെലിവറി ആപ്പുകൾ എന്നിവ കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കും. ഇതിനായി സാധാരണ സ്മാർട്ട്‌ഫോണുകളിലെ റേഡിയോ ഫ്രീക്വൻസിക്ക് അനുയോജ്യമായ രീതിയിലുള്ള പുതിയ എൽ1 ഫ്രീക്വൻസി സിഗ്നൽ ലഭിക്കുന്ന തരത്തിലാണ് നാവിക് 3 ഉപഗ്രഹത്തിലെ ട്രാൻസ്പോണ്ടറുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് ഫോണുകളുടെ ഉത്പാദനച്ചെലവ് കുറയ്ക്കാൻ സഹായിക്കും.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ റോക്കറ്റും ഉപഗ്രഹവും സജ്ജമാക്കിക്കഴിഞ്ഞു. ജി.എസ്.എൽ.വി മാർക്ക് 2- എഫ് 18 റോക്കറ്റിലായിരിക്കും വിക്ഷേപണം. അന്തിമസുരക്ഷാ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും തീയതിയും സമയവും അന്തിമമായി നിശ്ചയിക്കുക. ചില തിരിച്ചടികൾക്ക് ശേഷം ഐ.എസ്.ആർ.ഒ പതിവ് വിക്ഷേപണ ശൃംഖലയിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചന കൂടിയാണ് ഈ ദൗത്യം.

നാവികിന്റെ രണ്ടാം തലമുറ

1. ഇന്ത്യ നിർമ്മിച്ച നാവിക് ഉപഗ്രഹങ്ങളുടെ രണ്ടാം തലമുറയിൽപ്പെട്ടതാണിത്. 12 വർഷമാണ് കാലാവധി. 2232 കിലോഗ്രാം ഭാരം. ആദ്യതലമുറയിലെ നാവികിൽ ഉപയോഗിച്ചുവന്ന വിദേശനിർമ്മിത അറ്റോമിക് ക്ളോക്കിന് പകരം ഗുജറാത്തിലെ അഹമ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷൻ സെന്ററിൽ നിർമ്മിച്ച അറ്റോമിക് ക്ളോക്ക് ആണ് ഉപയോഗിക്കുന്നത്.

2.ജി.പി.എസ് പ്രവർത്തിക്കാൻ നാല് ഉപഗ്രഹങ്ങൾ ഒരേസമയം ബഹിരാകാശത്ത് വേണം. രണ്ട് ഉപഗ്രഹങ്ങൾ കാലാവധി കഴിഞ്ഞ് പ്രവർത്തന രഹിതമായതോടെ നാവിക് സേവനം പ്രതിസന്ധിയിലായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് നാവികിന്റെ പുതിയ ഉപഗ്രഹമായ എൻ.വി.എസ്- 03 അടിയന്തരമായി വിക്ഷേപിക്കുന്നത്.

3.ഗഗൻയാനിന്റെ ആളില്ലാ വിക്ഷേപണം മാറ്റിവച്ച് ഉടൻ നാവിക് ഉപഗ്രഹം വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതേ ആവശ്യത്തിനായി എൻ.വി.എസ്-04, എൻ.വി.എസ്- 05 എന്നിവയും താമസിയാതെ വിക്ഷേപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360