
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തക്സിംഗിൽ ചൈനീസ് സൈന്യം സ്ഥാപിച്ച 17 തമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തു.
യഥാർത്ഥ നിയന്ത്രണരേഖയിൽനിന്ന് ആറു മുതൽ ഏഴു കിലോമീറ്റർ അകലെ,ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾക്ക് പട്രോളിംഗ് നടത്താൻ അനുവാദമുള്ള മേഖലയിലാണ് ചൈനീസ് സേന കൂടാരങ്ങൾ സ്ഥാപിച്ചത്. കഴിഞ്ഞ ജൂലായിൽ അപ്പർ സുബൻസിരി ജില്ലയിലെ മജ മേഖലയ്ക്കു സമീപം പതിവ് പട്രോളിംഗിനിടെ ഇരു സൈന്യങ്ങളും നേർക്കു നേർ വന്നിരുന്നു. ചെറിയ തോതിൽ സംഘർഷമുണ്ടായെങ്കിലും ഇരുവിഭാഗവും പിന്മാറി. ദിവസങ്ങൾക്കുശേഷം കൂടുതൽ സൈനികരുമായെത്തിയ ചൈനീസ് സംഘം തക്സിംഗ് മേഖലയിൽ തമ്പുകൾ സ്ഥാപിക്കുകയായിരുന്നു. പട്രോളിംഗ് മേഖലയിൽ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്ന ധാരണതെറ്റിച്ചാണ് ചൈനീസ് സൈന്യം തമ്പടിച്ചത്.
അരുണാചലിലെ വിവിധ മേഖലകളിൽ ചൈനീസ് സൈന്യവുമായി മുഖാമുഖം തുടരുകയാണെന്ന് ഇന്തോ ടിബറ്റൻ അതിർത്തി പൊലീസ് (ഐ.ടി.ബി.പി) മേധാവി ശത്രുജീത് കപൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കിഴക്കൻ ലഡാക്കിൽ 2020ൽ ചൈനീസ് സേന നടത്തിയ കയ്യേറ്റങ്ങൾ നയതന്ത്ര-ഉഭയകക്ഷി ബന്ധങ്ങൾ മോശമാക്കിയിരുന്നു. ബന്ധം മെച്ചപ്പെടുത്താൻ നയതന്ത്ര, സൈനിക തലങ്ങളിൽ ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചൈനീസ് സൈന്യം പതിവ് പട്രോളിംഗ് രീതികൾ മാറ്റുന്നതാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.
കരസേനയ്ക്ക് പുതിയ യുദ്ധ തന്ത്രങ്ങൾ
യുദ്ധമുന്നണിയിലെ ആശയവിനിമയ സംവിധാനങ്ങൾ ശത്രു തകർത്താലും പോരാട്ടം തുടരാനും യുദ്ധതന്ത്രം മാറ്റാനും സേനയെ പ്രാപ്തമാക്കുന്ന യുദ്ധ നയം തയ്യാർ. 20-30 വർഷത്തേക്ക് ആധുനിക യുദ്ധ വെല്ലുവിളികൾ നേരിടാനുള്ളതാണ് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പുറത്തിറക്കിയ യുദ്ധനയം. 2018ലെ യുദ്ധനയത്തിനു പകരമായാണിത്.
ഡ്രോണുകൾക്കും നിർമിതബുദ്ധിക്കും പുറമെ സൈനികരുടെ തീരുമാനമെടുക്കൽ ശേഷിക്കും തുടച്ചയായ ആയുധവിതരണത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. യുക്രെയിൻ ഉൾപ്പെടെ നിലവിലുള്ള അന്താരാഷ്ട്ര സംഘർഷങ്ങളും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറും നൽകിയ പാഠങ്ങളുടെ അടിസ്ഥാനത്തിലാണിത്.
സൈനികരെ ഡ്രോൺ വിദഗ്ദ്ധരാക്കും. നിർമിതബുദ്ധിയിൽ മൂന്ന് തലത്തിലുള്ള പരിശീലനം നൽകും. അഞ്ചുവർഷത്തെ ബഹുമേഖലാ യുദ്ധപരിശീലന പദ്ധതിയാണ് ലക്ഷ്യം. ആയുധങ്ങളും വെടിക്കോപ്പുകളും ഭക്ഷണവും തടസമില്ലാതെ യുദ്ധ മുന്നണിയിൽ എത്തും. കര, വ്യോമ, നാവിക സേനകളുടെ കരുത്ത് ഏകോപിപ്പിക്കും. തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കാനും നയം ഊന്നൽ നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |