SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

ജയശങ്കറിന്റെ വാഹനം തടഞ്ഞ് ഖാലിസ്ഥാൻ വാദികൾ: സ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌തെന്ന് ഇന്ത്യ

READ ENGLISH VERSION
jayasankar

ന്യൂഡൽഹി: ഖാലിസ്ഥാൻ അനുകൂലികൾ ലണ്ടനിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ബ്രിട്ടനെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. വിഘടനവാദികളുടെ പ്രകോപന പ്രവർത്തനങ്ങളെ അപലപിക്കുന്നുവെന്ന് വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ പറഞ്ഞു. ഇത്തരം ഘടകങ്ങൾ ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണ്. ആതിഥേയ സർക്കാർ നയതന്ത്ര ബാദ്ധ്യതകൾ നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി. സുരക്ഷാവീഴ്ച ചർച്ച ചെയ്യാൻ യു.കെ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ചുവരുത്തി.

ബുധനാഴ്‌ച ലണ്ടനിലെ ചാത്തം ഹൗസിനു മുന്നിലായിരുന്നു സംഭവം. ജയശങ്കർ യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയശേഷം മടങ്ങിയപ്പോൾ കാറിന് മുന്നിലേക്ക് ഖാലിസ്ഥാൻ അനുകൂലികൾ പാഞ്ഞടുത്തു. ഇന്ത്യൻ പതാക കീറിയെറിഞ്ഞ ശേഷം വാഹനം തടഞ്ഞു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി പ്രതിഷേധക്കാരെ മാറ്റി.

ജയശങ്കർ ചർച്ചയ്‌ക്കെത്തിയപ്പോഴും ഖാലിസ്ഥാൻ അനുകൂലികൾ ഉച്ചഭാഷിണിയിൽ മുദ്രാവാക്യം വിളിക്കുകയും ഒരാൾ ഇന്ത്യൻ പതാക കീറിയെറിയുകയും ചെയ്തിരുന്നു. അപ്പോൾ യു.കെ പൊലീസ് അത് തടഞ്ഞിരുന്നില്ല. ഭീകരവാദം തടയുന്നതിനുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ചടക്കം യു.കെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറുമായി ജയശങ്കർ ചർച്ച നടത്തി.

ലണ്ടനിലെ ഹാരോയിലുള്ള തിയേറ്ററിൽ ബി.ജെ.പി എം.പി കങ്കണ റണൗട്ട് അഭിനയിച്ച 'എമർജൻസി' സിനിമയുടെ പ്രദർശനം തടയാൻ ഖാലിസ്ഥാൻ അനുകൂലികൾ ശ്രമിച്ചതിലും വിദേശകാര്യ മന്ത്രാലയം പ്രതിഷേധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, S JAYASANKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360