
വാഹനാപകടത്തിൽ അനാഥയായ പെൺകുട്ടിക്ക് നഷ്‌ടപരിഹാരം
ന്യൂഡൽഹി : മകൻ ഓടിച്ച ആഡംബര കാറിന്റെ അമിതവേഗത കാരണം അനാഥയായ പെൺകുട്ടിക്ക് ഒരു കോടി നഷ്‌ടപരിഹാരം നൽകാൻ പിതാവ് തയ്യാറായി. ഇതോടെ, പ്രതിയായ മകൻ ജയ് ചന്ദ്രഹാസ് ഘാരട്ടിന് സുപ്രീകോടതി ഇടക്കാല ജാമ്യം നൽകി.
ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി. 2024 ഏപ്രിലിലായിരുന്നു സംഭവം. പിതാവിനും മാതാവിനുമൊപ്പം സ്‌കൂട്ടറിൽ പോകുകയായിരുന്നു മകൾ. ഇതിനിടെയാണ് ആഡംബര കാർ ഇടിച്ചു തെറിപ്പിച്ചത്. പിതാവും മാതാവും സംഭവസ്ഥലത്ത് മരിച്ചു. പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റെങ്കിലും ചികിത്സയിൽ അപകടനില തരണം ചെയ്‌തു ജീവിതത്തിലേക്ക് തിരിച്ചെത്തി. അനാഥയായ കുട്ടിയുടെ തുടർചികിത്സയ്‌ക്കും ക്ഷേമത്തിനും 50 ലക്ഷം ബാങ്കിൽ ഉടൻ നിക്ഷേപിക്കും. ബാക്കി തുക രണ്ട് ഇൻസ്റ്റാൾമെന്റായി നൽകാമെന്നും പിതാവ് കോടതിയോട് സമ്മതിച്ചു.
ഇതോടെ പെൺകുട്ടിയുടെ ക്ഷേമം നിരീക്ഷിക്കണമെന്നും, കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും പൊലീസിനും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിക്ക് കോടതി നിർദ്ദേശം നൽകി. മേയ് 23ന് വിഷയം വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |