
ന്യൂഡൽഹി: വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയതിൽ സുപ്രീംകോടതിയുടെ അന്വേഷണം നേരിടുന്ന ഡൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയ്‌ക്കുമേൽ കുരുക്ക് മുറുകുന്നു. പണത്തിന്റെ സ്രോതസ് സംബന്ധിച്ചും അന്വേഷണം തുടങ്ങി. ജഡ്‌ജി പരിഗണിച്ച കേസുകളുമായി പണത്തിന് ബന്ധമുണ്ടോയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.
പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അനു ശിവരാമൻ എന്നിവരടങ്ങിയതാണ് അന്വേഷണസമിതി. യശ്വന്ത് വർമ്മയുടെ ഉത്തരവുകൾ പരിശോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. പ്രമേയം പാസാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചിരിക്കുകയാണ് അസോസിയേഷനുകൾ.
കേന്ദ്ര ഏജൻസികളുടെ അന്വേഷണവും പരിഗണനയിലാണെന്നാണ് സൂചന. അക്കാര്യത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നിലപാട് നിർണായകമാകും. 2014 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ യശ്വന്ത് വർമ 2021 ഒക്ടോബർ 11 മുതൽ ഡൽഹി ഹൈക്കോടതിയിലാണ്.
അനുകൂല വിധിക്കുള്ള
പ്രത്യുപകാരമോ?
രാജ്യം ഞെട്ടിയ ഉന്നാവ് പീഡനക്കേസിൽ പ്രതിയായ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗറിന് ഇടക്കാല ജാമ്യം അനുവദിച്ചത് ജസ്റ്റിസ് യശ്വന്ത് വർമ്മ അദ്ധ്യക്ഷനായ ബെഞ്ചാണ്. വിൽപന നികുതി, ജി.എസ്.ടി, കമ്പനി തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ വിവാദ ജഡ്‌ജി പരിഗണിച്ചിരുന്നു. വൻകിട കോർപറേറ്റ് കമ്പനികളും കേന്ദ്രസർക്കാരുമായുള്ള ജി.എസ്.ടി തർക്കങ്ങളിൽ അനുകൂല ഉത്തരവുകളുണ്ടായതും കോടിക്കണക്കിന് രൂപ കമ്പനികൾക്ക് ലാഭമുണ്ടായതും നോട്ടുകൂമ്പാരവും തമ്മിൽ ബന്ധമുണ്ടെന്നും അഭ്യൂഹമുയർന്നിരുന്നു. ഇതടക്കം മൂന്നംഗസമിതി പരിശോധിക്കുന്നുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കിൽ അത്തരം വിധികൾ പുനഃപരിശോധിക്കാനുള്ള സാദ്ധ്യതയും ഉയരുന്നു.
കേസ് ഇന്ന് പരിഗണിക്കും
യശ്വന്ത് വർമ്മയ്ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് പൊതുതാത്പര്യ ഹർജി. ജസ്റ്റിസ് അഭയ് എസ്. ഒക അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. മലയാളി അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറയാണ് ഹർജിക്കാരൻ. മൂന്നംഗ സമ്മിതിയുടെ അന്വേഷണം മാത്രം പോരയെന്നാണ് വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |