
ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) വിതരണം ചെയ്യുന്ന നന്ദിനി പാലിന്റെ വില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കാൻ ഇന്നലെ മന്ത്രിസഭ യോഗം തീരുമാനിച്ചു. കെ.എം.എഫിന്റെയും കർഷക സംഘടനകളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണിത്. 30ന് കർണാടകയിൽ ആഘോഷിക്കുന്ന ഉഗാദി ഉത്സവത്തിന് മുമ്പാണ് കുത്തനെയുള്ള വർദ്ധനവ്. ഈ വർദ്ധന ഹോട്ടലുകളിലും മധുരപലഹാര കടകളിലും കാപ്പി, ചായ, മറ്റ് പാലുത്പന്നങ്ങൾ എന്നിവയുടെ വിലയിൽ പ്രതിഫലിക്കുമെന്ന് മംഗളൂരുവിൽ ഈ മേഖലയിലെ വ്യാപാരികൾ പറഞ്ഞു.
മെട്രോ, ആർ.ടി.സി ബസ് ചാർജ് വർദ്ധന വൈദ്യുതി നിരക്ക് പരിഷ്കരണം, ടോൾ നിരക്ക് വർധന തുടങ്ങിയവക്ക് പിന്നാലെയാണ് പാലിനും വിലക്കയറ്റം. ഇതും ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. ലിറ്ററിന് അഞ്ചുരൂപ വർധനവ് ക്ഷീര കർഷകർ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നാല് രൂപയിൽ ഒത്തുതീർത്തു. ഈ പരിഷ്കരണത്തോടെ ജനപ്രിയമായ ഒരു ലിറ്റർ നീല പാക്കറ്റ് നന്ദിനി പാലിന്റെ വില 44 രൂപയിൽ നിന്ന് 48 രൂപയായി ഉയരും. ഈ മാസം അഞ്ചിന് കർണാടക സർക്കാർ പാൽ വില വർധന സൂചിപ്പിച്ചിരുന്നു. വില വർധന ആസന്നമാണെന്ന് മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷ് നിയമസഭയിൽ നടന്ന ചോദ്യോത്തര വേളയിൽ സ്ഥിരീകരിക്കുകയും ചെയ്തു.
പാൽഉൽപാദകർക്ക് സർക്കാർ 656.07 കോടി സബ്സിഡി നൽകാനുണ്ടെന്നും ഇത് 9.04 ലക്ഷം ഗുണഭോക്താക്കളെ ബാധിച്ചുവെന്നും വെങ്കിടേഷ് വെളിപ്പെടുത്തി. ധന വകുപ്പ് ഫണ്ട് അനുവദിച്ചുകഴിഞ്ഞാൽ കുടിശ്ശിക തുക വിതരണം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |