SignIn
Kerala Kaumudi Online
Thursday, 22 October 2026 5.58 PM IST

യു.എ.ഇ - ഇന്ത്യ ബന്ധം ദൃഢമാക്കി മോദി - ഷെയ്ഖ് ഹംദാൻ കൂടിക്കാഴ്ച

modi

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ സഹകരണം വിപുലമാക്കാനും ഇന്ത്യയും യു.എ.ഇയും തമ്മിൽ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. മോദിയുടെ ക്ഷണ പ്രകാരം ഇന്നലെയാണ് ഹംദാൻ എത്തിയത്. പ്രതിരോധ മന്ത്രിയെന്ന നിലയിൽ ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, ടൂറിസം, വ്യവസായം, അടിസ്ഥാന വികസനം, കൃത്രിമ ബുദ്ധി, ലോജിസ്‌റ്റിക്‌സ്, നൂതന സാങ്കേതിക വിദ്യ, ഭക്ഷ്യസുരക്ഷ, ബഹിരാകാശം, ഡിജിറ്റൽ പരിവർത്തനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം നിർണായകമാണെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. യു.എ.ഇയുടെ വികസനത്തിന് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ദുബായ് സുപ്രധാന പങ്ക് വഹിച്ചതായി മോദി എക്സിൽ കുറിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരുമായും ഹംദാൻ കൂടിക്കാഴ്‌ച നടത്തി. വ്യവസായ പ്രമുഖരുമായി ഹംദാൻ ഇന്ന് മുംബയിൽ ചർച്ച നടത്തും. ദുബായിൽ നിന്നുള്ള മന്ത്രിമാരും വ്യവസായ പ്രമുഖരും പങ്കെടുക്കും.


കൂടിക്കാഴ്ച ഫലപ്രദം:

രാജ്‌നാഥ് സിംഗ്

ഹംദാനുമായുള്ള ഫലപ്രദമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുക,സുരക്ഷാ മേഖലയിലെ സംയുക്ത സംരംഭങ്ങൾ പര്യവേക്ഷണം ചെയ്യുക,പ്രാദേശിക സ്ഥിരതയ്ക്കുള്ള ശ്രമങ്ങൾ ഏകീകരിക്കുക എന്നിവയിലായിരുന്നു ചർച്ച.

ഇരു രാജ്യങ്ങളും തമ്മിലുള്ള വിപുലമായ സഹകരണത്തെയും ഊർജ്ജസ്വലമായ ബന്ധങ്ങളെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സമൂഹ മാദ്ധ്യമത്തിൽ അഭിനന്ദിച്ചു.

സ്വീകരിച്ചത് സുരേഷ് ഗോപി

ഇന്നലെ രാവിലെ ഡൽഹി വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഹംദാനെ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചത് കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയോടെയായിരുന്നു സ്വീകരണം. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉന്നതതല ബിസിനസ് പ്രതിനിധി സംഘവും ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360