SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

എയർബസ് എ 320ൽ സുരക്ഷാഭീഷണി; വി​മാനയാത്ര കുടുങ്ങി​, 6,000 വിമാനം പിടിച്ചിട്ടു

READ ENGLISH VERSION
flight


ഇന്ത്യയിൽ ബാധിച്ചത് 338 സർവീസുകളെ
തകരാർ ഇന്ന് വെളുപ്പിനോടെ പരിഹരിക്കും
സർവീസ് റദ്ദാക്കിയില്ല,​ റീഷെഡ്യൂളിൽ അവ്യക്തത

പാരീസ്/ന്യൂ‌ഡൽഹി: എയർബസിന്റെ എ 320 യാത്രാവിമാനങ്ങളിൽ സുരക്ഷാവീഴ്ച കണ്ടെത്തിയത് ലോകമെമ്പാടുമുള്ള സർവീസുകളെ ബാധിച്ചു. 6,000 വിമാന സർവീസ് ഇന്നലെ വെളുപ്പിന് നിറുത്തിവച്ചു. യാത്രതുടങ്ങിയവ സർവീസ് പൂർത്തിയാക്കി വിമാനത്താവളങ്ങളിൽ പിടിച്ചിട്ടു. പറക്കലിനിടെ പെട്ടെന്ന് താഴേക്ക് വരാൻ ഇടയാക്കുന്ന കമ്പ്യൂട്ടർ തകരാറാണ് കണ്ടെത്തിയത്.

ഇന്ത്യയിൽ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് എന്നിവയുടെ 338 വിമാനങ്ങളെ ബാധിച്ചു. പൊടുന്നനെയുള്ള നീക്കം യാത്രക്കാരെ വലച്ചു. സർവീസ് റദ്ദാക്കിയിട്ടില്ല. എന്നാൽ,​ റീഷെഡ്യൂൾ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുമില്ല. അതേസമയം, എത്തിഹാദ്, എയർ അറേബ്യ ഉൾപ്പെടെ സർവീസ് പുനരാരംഭിച്ചു.

എയർബസ് എ 320 വിഭാഗത്തിൽപ്പെട്ട നൂറോളം വിമാനങ്ങളാണ് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. ഗൾഫ് സർവീസിനെ കാര്യമായി ബാധിച്ചിട്ടില്ല. കരിപ്പൂരിൽ നിന്നുള്ള രണ്ട് ഉംറ സർവീസുകൾ മുടങ്ങി.

സോ‌ഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ 5,100 വിമാനങ്ങളിലെ പ്രശ്നങ്ങൾ ഇന്നലെ രാത്രിയോടെ പരിഹരിച്ചെന്ന് എയർ ബസ് അറിയിച്ചു. പഴയ സോഫ്റ്റ്‌വെയർ പതിപ്പിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ, പഴക്കംചെന്ന 900 വിമാനങ്ങളിൽ കമ്പ്യൂട്ടർ മാറ്റിവയ്ക്കണം.

സർവീസ് നിറുത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്‌റ്റി ഏജൻസിയാണ് നിർദ്ദേശിച്ചത്. വിമാനങ്ങൾക്ക് കടുത്ത സൗര വികിരണമുണ്ട്. ഇത് ഫ്ലൈറ്റ് കൺട്രോൾ കമ്പ്യൂട്ടറുകളെ തടസപ്പെടുത്തും. അടിയന്തര സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്തിയിട്ടേ വീണ്ടും സർവീസ് പാടുള്ളൂ എന്നായിരുന്നു നിർദ്ദേശം.

ഇന്ത്യൻ വിമാനങ്ങളിലെ തകരാർ ഇന്ന് വെളുപ്പിനോടെ പരിഹരിക്കണമെന്നാണ് എയർലൈനുകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശം. 270 വിമാനങ്ങളുടെ സോഫ്റ്ര്‌വെയർ അപ്ഗ്രഡേഷൻ ഇന്നലെ രാത്രി വൈകി പൂ‌ർത്തിയായി. ഡൽഹി, ബംഗളൂരു, മുംബയ്, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കൊൽക്കത്ത നഗരങ്ങളിലെ ബേസുകളിലാണ് നടപടികൾ പുരോഗമിക്കുന്നത്.

പറക്കലിനിടെ

താഴേക്ക്

 ഒക്ടോബർ 30ന് ജെറ്റ്ബ്ലൂ എയർലൈൻ വിമാനം അപ്രതീക്ഷിതമായി കുത്തനെ താഴുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണ് പിഴവ് കണ്ടെത്തിയത്

 എലവേറ്റർ എയ്‌ലറോൺ കമ്പ്യൂട്ടർ (ഇ.എൽ.എ.സി- ബി ) ഹാർഡ്‌വെയറിലെ എൽ 104 സോഫ്റ്റ്‌വെയർ പതിപ്പിനെ തീവ്ര സൗര വികിരണം ബാധിക്കുകയായിരുന്നു.

 വിമാനത്തിന്റെ നിയന്ത്രണത്തിന് ആവശ്യമായ ഡേറ്റ കേടാകാൻ ഇത് ഇടയാക്കും

14,500

ലോകത്താകെ സർവീസുള്ള

വിവിധ മോഡൽ എയർ ബസുകൾ

ഇന്ത്യയിലെ എ 320
ഇൻഡിഗോ 350
എയർഇന്ത്യ 120
എയർഇന്ത്യ എക്സ്പ്രസ് 40

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360