SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

കർണാടകയിൽ താത്കാലിക ധാരണ, സിദ്ധരാമയ്യ തുടരും, ഹൈക്കമാൻഡിന് വഴങ്ങി ഡി.കെ. ശിവകുമാർ

READ ENGLISH VERSION
r

 സിദ്ധരാമയ്യയുടെ വസതിയിൽ ഒരുമിച്ച് പ്രഭാതഭക്ഷണം

ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തിനായി വാശിപിടിച്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഹൈക്കമാൻഡിന് വഴങ്ങിയതോടെ കർണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് തത്കാലം വിരാമം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരും.

രണ്ടരവർഷം ടേം വ്യവസ്ഥ അംഗീകരിക്കാതെ സിദ്ധരാമയ്യ പറ്റിച്ചെന്ന ആക്ഷേപമുയർത്തിയാണ് ശിവകുമാർ തുറന്ന പോരിനിറങ്ങിയത്. തത്കാലം വാശിപിടിക്കരുത്. സമയമാകുമ്പോൾ അധികാര കൈമാറ്റം എന്ന ഹൈക്കമാൻഡ് നിർദ്ദേശം ശിവകുമാർ അംഗീകരിച്ചെന്നാണറിയുന്നത്. 2028ലെ തിരഞ്ഞെടുപ്പിൽ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സിദ്ധരാമയ്യ തന്നെ പ്രഖ്യാപിക്കുമെന്ന ഉറപ്പും നൽകിയെന്നറിയുന്നു.

കോൺഗ്രസ് ഭരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്നായ കർണാടകയിൽ പ്രബല നേതാക്കൾ കൊമ്പു കോർക്കുന്നത് ബി.ജെ.പി മുതലാക്കുമെന്ന് കണ്ടാണ് ഹൈക്കമാൻഡ് ശക്തമായി ഇടപെട്ടത്. അഭിപ്രായ വ്യത്യാസങ്ങൾ പരസ്‌പരം പറഞ്ഞു തീ‌ർക്കാനും ജനങ്ങൾക്ക് മുന്നിൽ ഐക്യത്തിന്റെ സന്ദേശം നൽകാനും ഇരുനേതാക്കൾക്കും നിർദ്ദേശം ലഭിച്ചു.

ഇന്നലെ രാവിലെ സിദ്ധരാമയ്യയുടെ ബംഗളൂരുവിലെ ഔദ്യോഗികവസതിയായ 'കാവേരിയിൽ' ഡി.കെ. ശിവകുമാറെത്തി. ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ചു. ശേഷം മാദ്ധ്യമങ്ങളെ കണ്ടു. സിദ്ധരാമയ്യ അടുത്ത ദിവസങ്ങളിൽ ശിവകുമാറിന്റെ വസതിയിൽ അത്താഴത്തിനെത്തും. ദേശീയ നേതാക്കളെ കാണാൻ ഡൽഹിക്ക് പോകാനുള്ള പദ്ധതി ശിവകുമാർ നീട്ടിവച്ചു.

കർണാടകയിലെ ജാതി സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ സിദ്ധരാമയ്യയെ മുഖ്യമന്ത്രി പദത്തിൽ നിന്ന് ഒഴിവാക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തി. പ്രബല ജാതി സംഘടനകളുടെയും വിഭാഗങ്ങളുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കുണ്ട്. അതേസമയം,​ വോട്ടുബാങ്കുകളിലൊന്നായ ഒ.ബി.സി വൊക്കലിഗ വിഭാഗത്തിലെ നേതാവാണ് ശിവകുമാർ. അദ്ദേഹത്തെയും പിണക്കാനുമാകില്ല.

പാർട്ടിക്ക് വിധേയരെന്ന് ഇരുവരും

പാർട്ടിക്ക് വിധേയരാണെന്ന് ഇരുനേതാക്കളും പ്രതികരിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനം ശിരസാ വഹിക്കും. ഒരു ആശയക്കുഴപ്പവും ഇപ്പോഴില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കും. ക്രിയാത്മക ചർച്ച നടന്നെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ഐക്യം പരമപ്രധാനമാണെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. ബ്രേക്കപ്പ് മേക്കപ്പിട്ടു മറയ്‌ക്കുകയാണെന്ന് ബി.ജെ.പി പരിഹസിച്ചു.

ശിവകുമാർ വഴങ്ങിയത്

1 സുഗമമായ അധികാര കൈമാറ്റമുണ്ടാകുമെന്ന ഹൈക്കമാൻഡിന്റെ ഉറപ്പ്

2 മന്ത്രിസഭ വികസിപ്പിപ്പിച്ച് ശിവകുമാർ പക്ഷത്തിന് കൂതുൽ സ്ഥാനങ്ങൾ

3 കർണാടക പി.സി.സി അദ്ധ്യക്ഷനായി ശിവകുമാർ തന്നെ തുടരും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360