SignIn
Kerala Kaumudi Online
Thursday, 22 October 2026 12.14 PM IST

മുംബയിലും വഷളായി വായു ഗുണനിലവാരം

s

 സർക്കാരിനെ വിമർശിച്ച് കോൺഗ്രസും ശിവസേനയും


മുംബയ്: ഡൽഹിക്ക് പിന്നാലെ മുംബയിലെയും വായുഗുണനിലവാരം വഷളാകുന്നതായി റിപ്പോർട്ട്. പിന്നാലെ ഇത് രാഷ്ട്രീയ പോരിന് വഴിവച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട കണക്കുപ്രകാരം ശനിയാഴ്ച നഗരത്തിലെ പല ഭാഗങ്ങളിലും 150നും 200നും ഇടയിലാണ് വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) രേഖപ്പെടുത്തിയത്. ബ്രിഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷനും (ബി.എം.സി) സംസ്ഥാന സർക്കാരും വായു മലിനീകരണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് കോൺഗ്രസും ശിവസേനയും (യു.ബി.ടി) ആരോപിച്ചു. ഭരണസംവിധാനം മോശമാണെന്നും പറഞ്ഞു. മുംബയ്‌യുടെ ഭാവിയെ ആശങ്കപ്പെടുത്തുന്നതാണിതെന്ന് കോൺഗ്രസ് എം.പി വർഷ ഗെയ്‌ക്‌വാദ് മുന്നറിയിപ്പ് നൽകി.

സംസ്ഥാന സർക്കാരിന് വായുമലിനീകരണം സംബന്ധിച്ച ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പറഞ്ഞു. 'നഗരത്തിലെ വായു ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് അധികൃതർ സമ്മതിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാകുന്നതും പതിവാണ്. ഇവയെല്ലാം പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്"-സാവന്ത് ആരോപിച്ചു.

നഗരത്തിലെ മലിനീകരണ തോത് സംബന്ധിച്ച് ബൃഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ, മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് (എം.പി.സി.ബി), അമിക്കസ് ക്യൂറി എന്നിവർ സ്വീകരിച്ച പരസ്പര വിരുദ്ധമായ നിലപാടുകളിൽ ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബി.എം.സിയുടെ മലിനീകരണ നിയന്ത്രണ മാർഗനിർദ്ദേശങ്ങൾ യഥാർത്ഥത്തിൽ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താൻ മുംബയിലെ രണ്ട് നിർമ്മാണ മേഖലകൾപരിശോധിക്കാൻ കോടതി അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ട് പ്രത്യേക മേഖലകൾ പരിശോധിച്ച് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബെഞ്ച് നിർദ്ദേശിച്ചു.

വായുമലിനീകരണത്തിൽ മുംബയ് ഡൽഹിയുമായി മത്സരിക്കേണ്ട കാര്യമില്ല. ഇപ്പോഴുള്ള സ്ഥിതി തുടർന്നാൽ മുംബയ് സ്വദേശികളുടെ ശരാശരി ആയുർദൈർഘ്യം അഞ്ച് മുതൽ ഏഴ് വർഷം വരെ കുറയും. കുട്ടികളും പ്രായമായവരും അപകടത്തിലാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി കോൺഗ്രസ് മാനിഫെസ്റ്റോ പുറത്തിറക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് പരിസ്ഥിതി മന്ത്രി പങ്കജ മുണ്ടെയ്ക്കും മുനിസിപ്പൽകമ്മിഷണർക്കും കത്തെഴുതും.

വർഷ ഗെയ്ക്വാദ് ,​

കോൺഗ്രസ് നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360