SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

ആധിർരഞ്ജന് അഭിമാനപ്പോരാട്ടം, കോൺഗ്രസിനും

s

മുർഷിദാബാദ് ജില്ലയുടെ ആസ്ഥാനമായ ബഹാരംപൂരിലെ പ്രധാന കവലയിൽ രാത്രി എട്ടുമണിക്ക് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് യോഗം. പ്രാദേശിക നേതാക്കൾ തൃണമൂലിനെയും ബി.ജെ.പിയെയും ആക്രമിച്ച് കത്തിക്കയറുന്നു. എട്ടരയോടെ പാന്റ്സും ഇൻസേർട്ട് ചെയ്‌ത ഫുൾസ്ളീവ് ഷർട്ടുമിട്ട് എക്‌സിക്യൂട്ടീവ് ശൈലിയിൽ സ്ഥാനാർത്ഥി ആധിർ രഞ്ജൻ ചൗധരി എത്തി.വൻ ജനാവലിക്ക് ആവേശമായി.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ളീം വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് തന്നെ തോൽപ്പിച്ചതെന്നതടക്കം തൃണമൂലിനെതിരായ ആരോപണങ്ങൾക്ക് മൂർച്ചയേറി.

പരിപാടി കഴിഞ്ഞ് തൊട്ടടുത്തുള്ള കോൺഗ്രസ് ഓഫീസിൽ വിശ്രമിക്കാനെത്തിയപ്പോൾ ആധിറിനെ കണ്ടു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ഇതേ ഓഫീസിൽ കണ്ട കാര്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് സംസാരിച്ചത്.


സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ്?

ശരിയാണ്, 30 വർഷങ്ങൾക്ക് ശേഷം. പക്ഷേ, പഴയ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് അസംബ്ളി മണ്ഡലം. അതിനാൽ പുതുമയൊന്നുമില്ല. അഞ്ചു തവണ ലോക്‌സഭയിലേക്ക് തിഞ്ഞെടുത്തത് ഇവിടത്തെ ജനങ്ങളാണ്. 1996ലാണ് ആദ്യമായി എം.എൽ.എയായത്.

തൃണമൂൽ വ്യക്തിപരമായി ആക്രമിക്കുകയാണല്ലോ?

 മമതാ ബാനർജി ഇപ്പോഴും ഇവിടെ ക്യാമ്പ് ചെയ്‌ത് ആക്രമിക്കുന്നു. എന്നെ കടുത്ത ശത്രുവായി കാണുന്നു, എന്തുചെയ്യാൻ കഴിയും?

2024ലെ തിരഞ്ഞെടുപ്പ് തോൽവി‌?

2024ൽ വർഗീയ ധ്രുവീകരണത്തിന്റ ഇരയായിരുന്നു ഞാൻ. അതാണ് തോൽവിക്ക് കാരണമായത്. ഇക്കുറിയും അതേ രീതിയിലാണ് പ്രചാരണം. അക്കാര്യത്തിൽ ബി.ജെ.പിയും തൃണമൂലും ഒറ്റക്കെട്ടാണ്.

സി.പി.എം-കോൺഗ്രസ് സഖ്യമില്ലാത്തത് ?

 ഹൈക്കമാൻഡിന്റെ തീരുമാനമാണ്. സി.പി.എമ്മിലെ ചില നേതാക്കൾക്കും താത്‌പര്യമില്ലായിരുന്നു. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കളില്ലല്ലോ.

ബെഹാരംപൂരിൽ കോൺഗ്രസിനും ബംഗാളിലെ പാർട്ടിയുടെ മുഖമായ ആധിർ രഞ്ജൻ ചൗധരിക്കും നിലനിൽപ്പിന്റെ പോരാട്ടമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ യൂസഫ് പഠാനോട് 85,000 വോട്ടുകൾക്ക് തോറ്റത് ആധിറിന്റെ രാഷ്‌ട്രീയ കരിയറിലെ വൻ തിരിച്ചടിയായിരുന്നു. അതോടെ സംസ്ഥാനത്ത് ഒതുങ്ങിയ ആധിർ ഈ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിനൊപ്പം ബി.ജെ.പിയും കനത്ത വെല്ലുവിളി ഉയർത്തുന്നു. ബി.ജെ.പിയുടെ സിറ്റിംഗ് എം.എൽ.എ സുബ്രതാ മൈത്രയും തൃണമൂലിന്റെ നരു ഗോപാൽ മുഖർജിയുമാണ് മുഖ്യ എതിരാളികൾ. എങ്കിലും കോൺഗ്രസ് ജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360