SignIn
Kerala Kaumudi Online
Saturday, 30 May 2026 2.11 AM IST

കർണാടകയിൽ  ഇനി ഡികെ ഭരണം; ഇന്ന് നിയമസഭാകക്ഷി  നേതാവാക്കും, പുതിയ  മന്ത്രിസഭ ഉടൻ

a

, സിദ്ധരാമയ്യയുടെ രാജി ഗവർണർ അംഗീകരിച്ചു

ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് വഴങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണർ തവർചന്ദ് ഗെലോട്ട് സ്വീകരിച്ചു. ഇന്ന് വൈകിട്ട് നാലുമണിക്ക് ബംഗളൂരുവിലെ വിധാൻ സൗധയിൽ എം.എൽ.എമാർ യോഗം ചേർന്ന് ഉപമുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. നിലവിലെ നേതാവ് സിദ്ധരാമയ്യ അദ്ധ്യക്ഷത വഹിക്കും. ജൂൺ ആദ്യവാരം പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും.

ആറുമാസം നീണ്ട അധികാരവടംവലിക്കൊടുവിൽ ഹൈക്കമാൻഡ് നിർദ്ദേശം മാനിച്ച് മേയ് 28ന് വ്യാഴാഴ്‌ച രാവിലെ എം.എൽ.എമാരുടെ യോഗം വിളിച്ചാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്. തുടർന്ന് ലോക്‌ഭവനിൽ ഗവർണറുടെ അസാന്നിധ്യത്തിൽ സെക്രട്ടറിക്ക് രാജി സമർപ്പിക്കുകയായിരുന്നു. ഇന്നലെ ബംഗളൂരുവിൽ തിരിച്ചെത്തിയ ഗവർണർ രാജി സ്വീകരിച്ചു.

മന്ത്രിസഭാ രൂപീകരണം ഉൾപ്പെടെ ചർച്ച ചെയ്യാൻ സിദ്ധരാമയ്യയെയും ശിവകുമാറിനെയും കോൺഗ്രസ് നേതൃത്വം ഇന്നലെ ഡൽഹിയിൽ വിളിപ്പിച്ചിരുന്നു. ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത രാജ്യസഭാംഗത്വം സിദ്ധരാമയ്യ നിരസിച്ചു. സംസ്ഥാന രാഷ്‌ട്രീയത്തിലാണ് താത്പര്യമെന്ന് അറിയിച്ചു. മുഖ്യമന്ത്രി പദം ഒഴിഞ്ഞതിന് പകരമായി ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചു.

പത്ത് ജൻപഥ് വസതിയിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി സിദ്ധരാമയ്യ കൂടിക്കാഴ്‌ച നടത്തി. തുടർന്ന് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെയും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കണ്ടു. സിദ്ധരാമയ്യ ഉച്ചയോടെ മടങ്ങിയ ശേഷമാണ് ശിവകുമാർ നേതാക്കളെ കണ്ടത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര, മല്ലികാർജ്ജുന ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, മുതിർന്ന നേതാവും മന്ത്രിയുമായ കെ.ജെ. ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ചർച്ചകൾക്ക് ശേഷം സിദ്ധരാമയ്യയും ശിവകുമാറും ഒന്നിച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്.

സിദ്ധരാമയ്യയുടെ ഉപാധികൾ

 മകൻ യതീന്ദ്രയ്‌ക്ക് ഉപമുഖ്യമന്ത്രി പദവി ( മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടെന്ന് അഭ്യൂഹം)

 നിർദ്ദേശിക്കുന്നവർക്ക് വിദ്യാഭ്യാസം, ആരോഗ്യം, പിന്നാക്കക്ഷേമ വകുപ്പുകൾ

 അനുയായിയും മന്ത്രിയുമായ സതീഷ് ജർക്കഹോളിക്ക് ശിവകുമാർ ഒഴിയുന്ന പി.സി.സി അദ്ധ്യക്ഷ സ്ഥാനം. മന്ത്രിസ്ഥാനം നിലനിർത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360