
ന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടില്ലെന്ന ഹർജിയിൽ അടിയന്തര സ്വഭാവത്തോടെ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. തുടർന്നും അപേക്ഷ സമർപ്പിക്കാൻ സി.ബി.എസ്.ഇയുടെ വെബ്സൈറ്റ് ഉടൻ തുറന്നുകൊടുക്കണമെന്നതടക്കം ആവശ്യപ്പെട്ട് എൻ.എസ്.യു.ഐയാണ് ഹർജി നൽകിയത്. ആവശ്യം അനുവദിച്ചാൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഫലം വൈകുമെന്നും, ഉന്നതവിദ്യാഭ്യാസ കോഴ്സുകളിലേക്കുള്ള പ്രവേശനത്തെ ബാധിക്കുമെന്നും ഹൈക്കോടതി നിലപാടെടുത്തു.
പരാതിയുള്ള വിദ്യാർത്ഥികൾക്ക് സി.ബി.എസ്.ഇയെ നേരിട്ടു സമീപിക്കാമെന്നും വ്യക്തമാക്കി. ഹർജിയെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. 17.8 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണെന്നും ചൂണ്ടിക്കാട്ടി. അതേസമയം, പശ്ചിമേഷ്യയിലെ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളെ ചേർത്തുപിടിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 12ാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പുറത്തുവിടാൻ സാധിച്ചിട്ടില്ല. അവരുടെ കാര്യത്തിൽ പ്രത്യേക പദ്ധതി ആലോചിക്കുന്നുവെന്ന് കേന്ദ്രം അറിയിച്ചു. സൗദി അറേബ്യയിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥിയുടെ ഹർജിയിലാണ് നിലപാടറിയിച്ചത്. ഹർജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
നീറ്റ് പുന:പരീക്ഷ: ക്രമക്കേട്
കണ്ടാൽ കടുത്ത നടപടി
നീറ്റ് യു.ജി പുന:രീക്ഷ 21ന് നടക്കും. ഉച്ചയ്‌ക്ക് 2 മുതൽ 5.15 വരെയാണ് (195 മിനിട്ട്) പരീക്ഷ.
ഉത്തരക്കടലാസിൽ റഫ് വർക്കിന് രണ്ട് പേജുകൾക്ക് പകരം നാലു പേജുകൾ ഉൾപ്പെടുത്തും. പരീക്ഷ പഴുതുകളില്ലാതെ നടത്താൻ വ്യോമസേന, ഇന്റലിജൻസ് ബ്യൂറോ (ഐ.ബി), സി.ബി.ഐ എന്നിവയടക്കം രംഗത്തുണ്ടാകും. വ്യോമസേനാ വിമാനങ്ങളിൽ ചോദ്യപേപ്പർ നഗരങ്ങളിലെത്തിക്കും. അവിടെ നിന്ന് സംസ്ഥാന പൊലീസിനൊപ്പം സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് സേനാംഗങ്ങളും അണിചേരും. വിമാനത്താവളത്തിൽ നിന്ന് ബാങ്കിലേക്കും, അവിടെ നിന്ന് പരീക്ഷാകേന്ദ്രങ്ങളിലേക്കും കനത്ത സുരക്ഷാ സന്നാഹമൊരുക്കും.
ക്യാബിനറ്റ് സെക്രട്ടറി ഡോ.ടി.വി. സോമനാഥനും, പരീക്ഷാനടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഡയറക്‌ടർ ജനറൽ അഭിഷേക് സിംഗും യോഗം ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തി. പുന:പരീക്ഷയിൽ ക്രമക്കേട് കാണിക്കാനോ,തടസപ്പെടുത്താനോ ആരെങ്കിലും ശ്രമിച്ചാൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |