
ന്യൂഡൽഹി: ഒമ്പതാം ക്ളാസ് പാഠപുസ്‌തകത്തിൽ പ്രശസ്‌ത വെങ്കല ശിൽപമായ 'നൃത്തം ചെയ്യുന്ന പെൺകുട്ടി"യുടെ നഗ്നത മറച്ചത് തിരുത്തി എൻ.സി.ഇ.ആർ.ടി. സിന്ധൂനദീതട സംസ‌്‌കാരത്തിന്റെ ഭാഗമായ മോഹൻജൊദാരയിൽ നിന്ന് കണ്ടെടുത്ത 4500 വർഷം പഴക്കമുള്ള നഗ്‌ന പ്രതിമയിൽ മാറ്റം വരുത്തിയതിനുപിന്നാലെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
മധുരിമ എന്ന പേരിലുള്ള പുസ്‌തകത്തിൽ 'കലയുടെ ചരിത്രം" എന്ന ആദ്യ അദ്ധ്യായത്തിലെ ചിത്രത്തിൽ വസ്‌ത്രം ധരിച്ച ചിത്രമാണ് അച്ചടിച്ചത്. ഇത് വിവാദമായതോടെ പാഠപുസ്‌തകത്തിന്റെ ഡിജിറ്റൽ പതിപ്പുകളിൽ പഴയ രൂപം പുനഃസ്ഥാപിച്ചതായി എൻ.സി.ഇ.ആർ.ടി ഡയറക്‌ടർ ദിനേഷ് പ്രസാദ് സക്ളാനി പറഞ്ഞു. പുതുതായി അച്ചടിക്കുന്ന പുസ്‌തകങ്ങളിലും ശരിയായ രീതിയിൽ ചിത്രീകരിക്കും. മാറ്റം വരുത്തിയതിന് പ്രത്യേക കാരണമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആറാം ക്ളാസിൽ സിന്ധുനദീതട നാഗരികതയെക്കുറിച്ചുള്ള അദ്ധ്യായത്തിൽ ഇതേ പ്രതിമയുടെ ചിത്രം ഉൾപ്പെടുത്തുന്നതിൽ എതിർപ്പുണ്ടായെന്ന് പാഠപുസ്തക വികസന സമിതി തലവനും ചരിത്രകാരനുമായ മൈക്കൽ ഡാനിനോ പറഞ്ഞു.
പുതിയ ദേശീയ വിദ്യാഭ്യാസ നയ പ്രകാരം ദൃശ്യ, സാഹിത്യ കലകളുമായി ബന്ധപ്പെട്ട കലാ വിദ്യാഭ്യാസ പരമ്പരയുടെ ഭാഗമാണ് മധുരിമ എന്ന പാഠപുസ്തകം. മോഹൻജൊദാരോയിൽ നിന്ന് കണ്ടെത്തിയ നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ യഥാർത്ഥ ശിൽപം നിലവിൽ ഡൽഹിയിലെ ദേശീയ മ്യൂസിയത്തിലാണുള്ളത്.
പ്രധാനമന്ത്രിയുടെ
ചടങ്ങിലും
2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത അന്താരാഷ്ട്ര മ്യൂസിയം പ്രദർശനത്തിന്റെ ചിഹ്‌നമായി തിരഞ്ഞെടുത്തത് നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ പ്രതിമയായിരുന്നു. എന്നാൽ പ്രധാനമന്ത്രി അനാവരണം ചെയ്‌ത പ്രതിമയിൽ വസ്‌ത്രം ധരിപ്പിച്ചിരുന്നു. പ്രദർശനത്തിന്റെ ഭാഗ്യചിഹ്നമായത് നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ സമകാലിക പതിപ്പാണെന്ന വിശദീകരണവും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |