
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനൽ പ്രവർത്തിപ്പിക്കുന്നതിനുള്ള വാർഷിക ചെലവിന്റെ വിശദാംശങ്ങൾ തേടിയുള്ള അപ്പീൽ കേന്ദ്ര വിവര കമ്മിഷൻ (സി.ഐ.സി) തള്ളി. യൂട്യൂബ് ചാനൽ സ്വകാര്യമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര സർക്കാരോ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
കുനാൽ ഗുപ്ത എന്നയാൾ നൽകിയ രണ്ടാമത്തെ അപ്പീലാണ് ചീഫ് ഇൻഫർമേഷൻ കമ്മിഷണർ രാജ് കുമാർ ഗോയൽ തള്ളിയത്. യൂട്യൂബ് ചാനലിന്റെ പരിപാലന ചെലവ് ആവശ്യപ്പെട്ട് 2024 ജൂൺ 27 നാണ് ഇയാൾ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിക്കാതിരുന്നതോടെ ആദ്യ അപ്പീൽ നൽകി. 2024 ആഗസ്റ്റ് 22ന് ഒന്നാം അപ്പലേറ്റ് അതോറിട്ടി (എഫ്.എ.എ) പി.എം.ഒയിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് (സി.പി.ഐ.ഒ) 15 പ്രവൃത്തി ദിവസത്തിനുള്ളിൽ മറുപടി നൽകാൻ നിർദ്ദേശിച്ചിരുന്നു. എഫ്.എ.എയുടെ നിർദ്ദേശങ്ങൾ പി.എം.ഒ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് രണ്ടാം അപ്പീൽ വഴി സി.ഐ.സിയെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് സ്വകാര്യ യൂട്യൂബ് ചാനൽ ആണെന്നും ഔദ്യോഗികമല്ലെന്നും 2024 ഒക്ടോബർ 8ന് ആർ.ടി.ഐ അപേക്ഷകന് മറുപടി നൽകിയിട്ടുണ്ടെന്ന് പി.എം.ഒ കമ്മിഷനെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |