
ഹൈദരാബാദ്: വിവസ്ത്രയായി വീടുവിട്ടിറങ്ങിയ വനിതാ ടെക്കി സമീപത്തെ ക്ഷേത്രത്തിലെ ദേവീവിഗ്രഹവുമെടുത്ത് കുളത്തിൽ ചാടി ജീവനൊടുക്കി. വിഗ്രഹം കാണാത്തതിനെ തുടർന്ന് ക്ഷേത്ര ജീവനക്കാർ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെടുത്തു. വിഗ്രഹത്തിനായി തെരച്ചിൽ തുടരുന്നു. ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ തേജസ്വിനിയാണ് (25) മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.
ഹൈദരാബാദിന് സമീപം പീർസാദിഗുഡ മുനിസിപ്പാലിറ്റി പ്രദേശത്ത് അമ്മയ്ക്കൊപ്പം വാടക അപ്പാർട്ട്മെന്റിലായിരുന്നു തേജസ്വിനിയുടെ താമസം. ഒരു ലക്ഷത്തോളം രൂപയാണ് മാസവാടക. ആന്ധ്ര വിശാഖപട്ടണത്തുള്ള സ്റ്റീൽ പ്ളാന്റിൽ ജോലിചെയ്യുന്ന പിതാവുമായി പിണങ്ങിയാണ് ആറുമാസം മുമ്പ് ഇവിടെ എത്തിയതെന്നാണ് സൂചന. തേജസ്വിനിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞദിവസം മിയാപൂരെന്ന സ്ഥലത്തെത്തി അമ്മയും മകളും രണ്ടുമുറി അപ്പാർട്ടുമെന്റിന് വില പറഞ്ഞിരുന്നു. തിരികെയെത്തി, പുലർച്ചെ രണ്ടോടെ തേജസ്വിനി അമ്മയുടെ മുറി പുറത്ത് നിന്നും പൂട്ടിയാണ് വിവസ്ത്രയായി വീടുവിട്ടിറങ്ങിയത്. തുടർന്ന് സമീപത്തെ ക്ഷേത്രത്തിലെ അമ്മവാരു ദേവിയുടെ വിഗ്രഹവുമെടുത്താണ് കുളത്തിൽ ചാടിയത്. വിഗ്രഹം കാണാതായതോടെ ക്ഷേത്ര ജീവനക്കാർ നടത്തിയ തെരച്ചിലിൽ കുളക്കടവിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന വസ്ത്രം കണ്ടെത്തി.
തുടർന്നുള്ള തെരച്ചിലിൽ തേജസ്വിനിയുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ സി.സി ടിവികൾ പരിശോധിച്ചപ്പോഴാണ് ശ്രീകോവിലിൽ കയറി വിഗ്രഹവുമെടുത്ത് തേജസ്വിനി പോകുന്നത് കണ്ടെത്തിയത്. തേജസ്വിനി കുറച്ചുനാളായി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്ന് അമ്മ അരുണ പൊലീസിന് മൊഴി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |