ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്‌ബ സ്ഥാപകൻ ഹാഫിസ് സയീദിന് സമൻസ് അയക്കാൻ എൻ.ഐ.എ കോടതി. കേസിലെ വിചാരണയ്ക്ക് ജമ്മുവിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ ഹാജരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ പാകിസ്ഥാനിലാണ് ഹാഫിസ് സയിദ് ഉള്ളതെന്നാണ് വിവരം. അതിനാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുഖേനെയാണ് ഹാഫിസിന് സമൻസ് അയയ്ക്കുക. നേരത്തെ ഹാഫിസ് സയിദിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
അതേസമയം ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷവും ഹാഫിസ് സയീദ് കോടതിയിൽ ഹാജരാകുന്നില്ലെങ്കിൽ, ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്), 2023ലെ 356ാം വകുപ്പ് പ്രകാരം സയിദിന്റെ അസാന്നിദ്ധ്യത്തിൽ വിചാരണ നടത്താൻ എൻഐഎ കോടതിക്ക് പിന്നീട് അനുമതി ലഭിച്ചേക്കാം.
എന്നാൽ, ഇത്തരത്തിൽ വിചാരണ ചെയ്യുന്നതിന് ചില നിബന്ധനകളുണ്ട്. ഇയാൾക്കെതിരെ വാറന്റുകളും നോട്ടീസുകളും പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിചാരണയിൽ നിന്ന് രക്ഷപ്പെടുന്നതിനായി സയീദ് മനഃപൂർവം ഒളിവിൽ പോയിരിക്കുകയാണെന്നും ഉടൻ അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലവിൽ ഇല്ലെന്നും കോടതി ഉറപ്പാക്കണം. വിചാരണ ഹാഫിസ് സായിദിന്റെ അസാന്നിധ്യത്തിൽ തുടരുകയാണെങ്കിൽ നിയമപരമായ പ്രതിനിധിയെ ലഭ്യമാക്കുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |