SignIn
Kerala Kaumudi Online
Tuesday, 06 October 2026 9.24 PM IST

രാജ്യതലസ്ഥാനത്ത് രാത്രിയിൽ നാടകീയ നീക്കം,​ രാഹുലും പ്രിയങ്കയും അറസ്റ്റിൽ; ആകാശവാണി ഭവന് സമീപം സംഘർഷാവസ്ഥ

READ ENGLISH VERSION
rahul-gandhi
രാഹുൽ ഗാന്ധിയെ അറസ്റ്റുചെയ്ത് നീക്കുന്നു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് സമീപം നടന്ന പ്രതിഷേധം മണിക്കൂറുകൾ നീണ്ടതോടെ പ്രദേശത്ത് സംഘർഷാവസ്ഥയാണ്.

കോൺഗ്രസ് നേതൃത്വത്തിൽ നടന്ന മാർച്ചിൽ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്തുനിന്ന് നീക്കുന്നതിനിടെയാണ് രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തത്. നിരവധി പ്രതിപക്ഷ എം.പിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.


പ്രതിഷേധത്തിനിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളിലേക്ക് രാഹുൽ ഗാന്ധി കയറി. ദേശീയപതാകയുമായി പ്രതിഷേധക്കാർക്ക് അഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം സമരസ്ഥലത്ത് തുടരുകയായിരുന്നു. പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയെങ്കിലും പിന്നീട് അദ്ദേഹം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി വീണ്ടും പ്രതിഷേധസ്ഥലത്തെത്തി. തുടർന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിനെ അറസ്റ്റുചെയ്‌ത് നീക്കുന്നത് തടയാൻ പ്രതിപക്ഷ എം.പിമാർ അദ്ദേഹത്തിന് ചുറ്റും നിലയുറപ്പിച്ചെങ്കിലും പൊലീസ് ഇടപെട്ട് എം.പിമാരെയും വാഹനത്തിൽ കയറ്റുകയായിരുന്നു.


രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനത്തിൽ കയറ്റിയ പ്രിയങ്ക എന്നാൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പ്രതിഷേധസ്ഥലത്തേക്ക് മടങ്ങിയെത്തി. ആകാശവാണി ഭവന് സമീപമാണ് പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന പ്രതിഷേധക്കാരെ പൊലീസ് ഒഴിപ്പിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിയും വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നടപടി വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

English Summary

Congress leaders Rahul Gandhi and Priyanka Gandhi were detained by Delhi Police during an opposition protest demanding the resignation of Chief Election Commissioner Gyanesh Kumar.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHULGANDHI, PRIYANKA GANDHI, LATESTNEWS, DELHI PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360