SignIn
Kerala Kaumudi Online
Sunday, 14 June 2026 1.18 PM IST

അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം: അന്വേഷണത്തിന് എസ്ഐടിയെ നിയോഗിച്ച് യോഗി സർക്കാർ

ayodhya-ram-temple

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തർപ്രദേശ് സർക്കാർ. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

ലക്നൗ റേഞ്ച് ഐജി കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ആരോപണത്തിൽ ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോർട്ടും 15 ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ സർക്കാർ എസ്ഐടിക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം വൈകാതെ രാമക്ഷേത്രത്തിൽ എത്തി നിർണായക രേഖകൾ പരിശോധിക്കും. ക്ഷേത്രത്തിൽ കൗണ്ടറുകൾ വഴിയും കാണിക്ക വഞ്ചികൾ വഴിയും സംഭാവനകൾ സ്വീകരിച്ച് കൈകാര്യം ചെയ്തിരുന്ന രീതിയും സുരക്ഷാ ക്രമീകരണങ്ങളും ഉദ്യോഗസ്ഥർ വിലയിരുത്തും. നിലവിൽ ക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തിരുന്ന ജീവനക്കാർ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

അതേസമയം, എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്ത അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റ് അഭ്യൂഹങ്ങൾ അവസാനിപ്പിക്കാനും സത്യം പുറത്തുകൊണ്ടുവരാനും വിശദമായ അന്വേഷണം ആവശ്യമാണെന്ന് അറിയിച്ചു. ക്ഷേത്രത്തിന്റെ പ്രതിച്ഛായ തകർക്കാനും ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താനുമുള്ള ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നും ട്രസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഒരാഴ്ച മുൻപാണ് രാമക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽ നിന്ന് വൻതോതിൽ സംഭാവന വെട്ടിച്ചുവെന്ന ഗുരുതരമായ ആരോപണം ഉയർന്നത്. തുടർന്ന് ക്ഷേത്രത്തിന്റെ മേൽനോട്ടം വഹിക്കുന്ന ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു.

പ്രാദേശിക പൊലീസിന്റെ അനൗദ്യോഗിക പിന്തുണയോടെ നടത്തിയ ഈ അന്വേഷണത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ചില ജീവനക്കാരെ ട്രസ്റ്റ് അധികൃതർ ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ സംഭവം പുറത്തറിഞ്ഞ് പൊതുജന രോഷം ശക്തമായതോടെ ക്ഷേത്രം ട്രസ്റ്റ് ഔദ്യോഗികമായി സംസ്ഥാന സർക്കാരിനെ സമീപിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, UTTARPRADESH, YOGI ADITYANATH, AYODHYA, SIT, RAM TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360