SignIn
Kerala Kaumudi Online
Friday, 29 May 2026 9.38 PM IST

മുഖ്യമന്ത്രിമാ‌രുടെ 'സിമ്പിളൻ' രീതികൾ അവസാനിക്കുന്നോ? വിജയ്‌യും ഡി കെയും തുറന്നുവയ്ക്കുന്നത് വേറിട്ട ശൈലി

vijay

സ്വത്തുക്കൾ പരസ്യപ്പെടുത്താതെ സാധാരണ ജീവിതം നയിക്കുന്നവരാണ് ഇന്ത്യയിലെ മിക്കവാറും രാഷ്ട്രീയ പ്രമുഖരും. സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ഇതിൽനിന്ന് വിഭിന്നരല്ല. സാധാരണ വസ്ത്രങ്ങളിഞ്ഞ് ആഭരണങ്ങളും മറ്റും ഒഴിവാക്കിയാണ് മിക്കവാറും പേരും പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. എല്ലാ സ്വത്തുക്കളും ഒളിക്കുന്ന രീതിയാണ് കാലങ്ങളായി രാഷ്ട്രീയ പ്രമുഖർ പിന്തുടരുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ വിജയ് യുഗവും കർണാടകയിൽ ഡി കെ ശിവകുമാ‌ർ യുഗവും ആരംഭിക്കുന്നതോടെ ഇതിന് അവസാനമാകുന്ന കാഴ്‌ചയാണ് കാണുന്നത്.

624 കോടിയുടെ സ്വത്താണ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിലുള്ളത്. ഇതിൽ 313 കോടിയിലധികം രൂപ ബാങ്ക് നിക്ഷേപങ്ങളിലും സേവിംഗ്‌സ് അക്കൗണ്ടുകളിലുമായി മാത്രം നിക്ഷേപിച്ചിട്ടുണ്ട്. ഏകദേശം 220 കോടി രൂപ വിലമതിക്കുന്നതാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി. നീലാങ്കരൈ, സാലിഗ്രാമം, മൈലാപ്പൂർ, ഷോലിംഗനല്ലൂർ എന്നിവിടങ്ങളിലെ പ്രോപ്പർട്ടികൾ ഉൾപ്പെടെ തമിഴ്‌നാട്ടിലുടനീളം സ്വത്തുക്കൾ വ്യാപിച്ചുകിടക്കുന്നു. ഇതിനുപുറമെ 13 കോടിയുടെ ആഡംബര കാറുകളുമുണ്ട്. ഇതിൽ ബിഎംഡബ്ല്യു ഐ7, ലെക്‌സസ് 350, ടൊയോട്ട വെൽഫയർ, കസ്റ്റമൈസ്ഡ് ടാറ്റ കാരവാൻ എന്നിവ ഉൾപ്പെടുന്നു.

വിജയ്‌ കോടികളുടെ സമ്പത്തിനെയാണ് പ്രതിനിധീകരിക്കുന്നതെങ്കിൽ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന ഡി കെ ശിവകുമാർ പ്രതിനിധീകരിക്കുന്നത് ആഢംബരത്തെയാണ്. ഒരിക്കലും ഒരു സാധാരണക്കാരനായി നടിക്കാൻ ഡി കെ ശിവകുമാർ ശ്രമിച്ചിട്ടില്ല. പൊതുയിടങ്ങളിൽ അദ്ദേഹം പതിവായി ആഢംബര വാച്ചുകളും ഡിസൈനർ സ്‌കാർഫുകളും ധരിക്കാറുണ്ട്. ഇതിന് അദ്ദേഹമൊരിക്കലും ക്ഷമാപണം നടത്തുകയും ചെയ്തിട്ടില്ല, മറിച്ച് തനിക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശമുണ്ടെന്നാണ് ശിവകുമാ‌ർ ചൂണ്ടിക്കാട്ടുന്നത്.

ശിവകുമാറിന്റെ ആഢംബര വസ്തുക്കൾ അദ്ദേഹത്തിന്റെ അടയാളമായി തന്നെ മാറിയിട്ടുണ്ട്. ഗുച്ചി സ്‌കാർഫുകൾ, ലൂയി വിറ്റൺ ഷോളുകൾ, കാർട്ടിയർ വാച്ചുകൾ, റോളക്‌സ് വാച്ചുകൾ തുടങ്ങിയവ അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ഇവയിൽ 54,000 രൂപയുടെ ഗുച്ചി സ്‌കാർഫ്, ഒരു ലക്ഷത്തിന്റെ ലൂയി വിറ്റൺ സ്‌കാർഫ്, 15 ലക്ഷം രൂപ മുതൽ 1.4 കോടിയുടെ റോളക്‌സ് വാച്ച് എന്നിവയും ഉൾപ്പെടുന്നു.

2023ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം 1413.80 കോടി രൂപയുടെ ആസ്തിയാണ് ഡി കെ ശിവകുമാറിനുള്ളത്. ഇതിൽ 1140 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും 273 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും ഉൾപ്പെടുന്നു. 265 കോടിയിലധികം രൂപയുടെ ബാദ്ധ്യതകൾ ഉണ്ടെങ്കിലും രാജ്യത്തെ ഏറ്റവും ധനികരായ രാഷ്ട്രീയക്കാരിൽ ഒരാളാണ് അദ്ദേഹം. റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യം, ക്വാറി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നിന്നാണ് അദ്ദേഹത്തിന് വരുമാനം ലഭിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത ടൗൺഷിപ്പായ ബിഡദിയിലെ നിർദ്ദിഷ്ട ഗ്രേറ്റർ ബംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പിന് പിന്നിലെ പ്രധാന ശക്തിയും ശിവകുമാറാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, D K SHIVAKUMAR, TAMILNADU, KARNATAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360