
ധർമ്മശാല: അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി ഇന്ത്യൻ യുവ പേസർ ഗുർനൂർ ബ്രാർ. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ഗുർനൂർ തന്റെ വരവറിയിച്ചത്. മഴമൂലം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലാണ് ഗുർനൂർ ബൗൾ ചെയ്തത്. തന്റെ ആദ്യ പന്തുകളിൽ തന്നെ അഫ്ഗാൻ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ താരത്തിന് കഴിഞ്ഞു. ഓവറിലെ അഞ്ചാം പന്തിൽ അഫ്ഗാൻ ഓപ്പണർ ഇബ്രാഹിം സദ്രാനെ പുറത്താക്കിയാണ് ഗുർനൂർ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നൽകിയത്.
കനത്ത മഴയെത്തുടർന്ന് മണിക്കൂറുകളോളം വൈകി ആരംഭിച്ച മത്സരം ഇരുപത്തഞ്ച് ഓവറാക്കി ചുരുക്കിയിരുന്നു. പേസർ ഗുർനൂർ ബ്രാറിനൊപ്പം ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ച ഇരുപത്തിമൂന്നുകാരനായ ലെഫ്റ്റ് ആം സ്പിന്നർ ഹർഷ് ദുബേയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഫ്ഗാൻ ക്യാപ്ടൻ ഹഷ്മത്തുള്ള ഷാഹിദിയെ പുറത്താക്കിക്കൊണ്ടാണ് ദുബേ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കന്നി വിക്കറ്റും അക്കൗണ്ടിലാക്കിയത്.
മറുഭാഗത്ത് അഫ്ഗാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസ് ആദ്യ ഓവറിൽ ഒരു ഫോറും സിക്സറുമടിച്ച് ബാറ്റിംഗ് ആക്രമണത്തിന് തുടക്കമിട്ടെങ്കിലും, പിന്നീട് ഇന്ത്യൻ പേസർമാർ പിടിമുറുക്കുകയായിരുന്നു. ഗുർനൂറിന് പിന്നാലെ ഇടംകയ്യൻ പേസർ അർഷ്ദീപ് സിംഗും അഫ്ഗാൻ നിരയെ തകർത്തു. തൊട്ടടുത്ത ഓവറിൽ സെദിഖുള്ള അടലിനെ റണ്ണൊന്നുമെടുക്കാൻ അനുവദിക്കാതെ അർഷ്ദീപ് മടക്കി. തൊട്ടുപിന്നാലെ റഹ്മത് ഷായെയും പുറത്താക്കി അർഷ്ദീപ് അഫ്ഗാനിസ്ഥാനെ പ്രതരോധത്തിലാക്കി.
അതേസമയം മറുഭാഗത്ത് ഇന്ത്യൻ ബൗളർമാരെ സിക്സറുകളും ഫോറുകളും കൊണ്ട് കൊടുങ്കാറ്റായി മാറിയ ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെ 16-ാം ഓവറിൽ നിതീഷ് കുമാർ റെഡിയാണ് കൂടാരം കയറ്റിയത്. പുറത്താകുമ്പോൾ 51 പന്തിൽ നിന്നും 102 റൺസുമായി അഫ്ഗാൻ നിരയിൽ ഗുർബാസ് സെഞ്ച്വറി തികച്ചിരുന്നു. ഇന്ത്യയ്ക്കായി പേസർ അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |