
ബംഗളൂരു: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിനത്തിൽ നിന്ന് അവസാന നിമിഷം ഹാർദിക് പാണ്ഡ്യ പുറത്തായെന്ന് റിപ്പോർട്ട്. നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ (എൻസിഎ) ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചിരുന്നെങ്കിലും അവസാന പരിശീലന സെഷനിൽ നേരിട്ട 'ഫ്രഷ് ഇഞ്ചുറി' കാരണം ഹാർദിക്കിനെ ഒഴിവാക്കുകയായിരുന്നെന്നാണ് എൻടിടിവി റിപ്പോർട്ട് ചെയ്യുന്നത്. ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് ഫിറ്റ്നസ് പരിശീലനം പൂർത്തിയാക്കിയ താരം ശനിയാഴ്ച ധർമശാലയിൽ നടക്കുന്ന മത്സരത്തിലെ ഏകദിന ടീമിൽ ചേരാനിരിക്കെയാണ് പുതിയ പരിക്ക് വില്ലനായെത്തിയത്. രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും ഫിറ്റ്നസ് കടമ്പ പൂർത്തിയാക്കി ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്നാണ് ഇന്നലെ ബിസിസിഐ സ്ഥിരീകരിച്ചിരുന്നത്.
ഹാർദിക്കിന്റെ തുടയിലെ പേശികൾക്ക് പുതിയതായി പരിക്കേറ്റതിനാൽ പരമ്പരയിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. ഐപിഎല്ലിൽ ഈ സീസണിൽ മുംബയ് ഇന്ത്യൻസിനുവേണ്ടി കളിക്കുമ്പോൾ പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തിന് മത്സരങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്നു. ഫിറ്റ്നസ് തെളിയിച്ചാൽ മാത്രം അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ പങ്കെടുത്താൽ മതിയെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ഫിറ്റ്നസ് ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹത്തിന് കളിക്കാൻ ബിസിസിഐ ഔദ്യോഗിക അനുമതി നൽകിയെങ്കിലും പുതിയ പരിക്കിനെ തുടർന്ന് 'അൺഫിറ്റ്' ആവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |