SignIn
Kerala Kaumudi Online
Friday, 26 June 2026 6.55 PM IST

വനിതാ ട്വന്റി-20 ക്രിക്കറ്റിൽ മോശം ഫീൽഡിംഗ് റെക്കാഡുമായി ഇന്ത്യ, അഞ്ച് ഓവറിൽ കൈവിട്ടത് നാല് ക്യാച്ചുകൾ

team-india

ലണ്ടൻ: വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത മോശം ഫീൽഡിംഗ് പ്രകടനവുമായി ടീം ഇന്ത്യ. ഇന്നലെ ഓൾഡ് ടർഫോർഡിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ ആദ്യ അഞ്ച് ഓവറിനുള്ളിൽ നാല് ക്യാച്ചുകളാണ് ഫീൽഡർമാർ കൈവിട്ടത്. വനിതാ ട്വന്റി-20 ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം പവർപ്ലേയ്ക്കുള്ളിൽ നാല് ക്യാച്ചുകൾ ഡ്രോപ്പ് ചെയ്യുന്നത്. വെറും 17 പന്തുകളുടെ വ്യത്യാസത്തിലാണ് ടീമിന് നാണക്കേടുണ്ടാക്കുന്ന പുതിയ റെക്കാഡ്.

ആദ്യത്തെ ക്യാച്ച് ശ്രീകാന്ത് ചരണി എറിഞ്ഞ ഓവറിൽ ബംഗ്ലാദേശ് താരം ജുവൈരിയ ഫെർദൗസ് അടിച്ച പന്ത് വിക്കറ്റ് കീപ്പർ യാസ്തിക ഭാട്ടിയ ഫുൾ ലെംഗ്ത്ത് ഡൈവിലൂടെ പിടിക്കാൻ ശ്രമിച്ചെങ്കിലും വിരലുകളിൽ തട്ടി തെറിച്ചു. രണ്ടാമത്തെ ക്യാച്ച് രേണുക സിംഗിന്റെ പന്തിൽ ജുവൈരിയ നൽകിയ സിമ്പിൾ ക്യാച്ച് ഡീപ് മിഡ് വിക്കറ്റിൽ രാധാ യാദവ് കൈവിട്ടു. പന്ത് ഫോറാവുകയും ചെയ്തു. തൊട്ടുമുമ്പത്തെ ദക്ഷിണാഫ്രിക്കൻ പരമ്പരയിലും രാധ രണ്ട് നിർണായക ക്യാച്ചുകൾ കൈവിട്ടിരുന്നു.

മൂന്നാമത്തേത് ചരണിയുടെ പന്തിൽ ശോഭന മോസ്തരി നൽകിയ ക്യാച്ച് കവറിൽ നന്ദിനി ശർമ്മ ഇടത്തോട്ട് ഡൈവ് ചെയ്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും കൈയിലൊതുങ്ങിയില്ല. നാലാമത്തെ ക്യാച്ച് രണ്ട് പന്തുകൾക്ക് ശേഷം ജുവൈരിയയുടെ ടോപ് എഡ്‌ജ് ഷോട്ട് നന്ദിനി ശർമ്മ വീണ്ടും കൈവിട്ടതോടെ ഇന്ത്യയുടെ പിഴവുകളുടെ പട്ടിക പൂർത്തിയായി.


ഇന്ത്യൻ ഫീൽഡർമാരുടെ പിഴവ് മുതലാക്കിയ ബംഗ്ലാദേശ് പവർപ്ലേയിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 40 റൺസെടുത്തു. ടൂർണമെന്റിൽ പവർപ്ലേയ്ക്കുള്ളിൽ മൂന്നോ അതിലധികമോ ക്യാച്ചുകൾ കൈവിടുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിന് മുമ്പ് എഡ്ജ്ബാസ്റ്റണിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിലും ഇന്ത്യ മൂന്ന് ക്യാച്ചുകൾ കൈവിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS, T-20 WORLDCUP, CRICKETNEWS, DROPPED CATCH, POOR FIELDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360