നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അമ്പെയ്ത്തിലും ഗോൾഫിലും നിർണായക മെഡൽ നേട്ടങ്ങൾ. അമ്പെയ്ത്തിൽ 17കാരി കുംങ്കും അനിൽ മോഹോദും ഗോൾഫിൽ പ്രണവി ശരത് ഉർസും വ്യക്തിഗത സ്വർണം സ്വന്തമാക്കി. വനിതകളുടെ വ്യക്തിഗത റിക്കർവ് ഇനത്തിലാണ് കുങ്കും നേട്ടം കൈവരിച്ചത്. ഈ ഇനത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന റെക്കോേർഡും താരം സ്വന്തമാക്കി. ദക്ഷിണ കൊറിയയുടെ ഒ യെജിനെ ഷൂട്ട്ഓഫിൽ തോൽപ്പിച്ചാണ് കുങ്കും സ്വർണമെൽജൽ നേടിയത്. ഇതോടെ 2028 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ വനിതാ റിക്കർവ് ക്വോട്ടയും ഉറപ്പായി.
ഫൈനലിൽ 6-5നാണ് ഒ യെജിനെ കുങ്കും പരാജയപ്പെടുത്തിയത്. അഞ്ച് സെറ്റുകൾ പൂർത്തിയായപ്പോൾ ഇരുവരും 5-5ന് സമനിലയിലായിരുന്നു. തുടർന്ന് നടന്ന ഷൂട്ട്ഓഫിൽ ദക്ഷിണ കൊറിയൻ താരം എട്ട് പോയിന്റ് നേടിയപ്പോൾ കുങ്കും 10 പോയിന്റ് നേടി സ്വർണം ഉറപ്പിക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ നിലവിലെ ലോക ചാമ്പ്യൻ ദക്ഷിണ കൊറിയയുടെ കാങ് ചെ യോങ്ങിനെ 6-4ന് തോൽപ്പിച്ചാണ് താരം സെമിയിലെത്തിയത്. സെമിയിൽ ചൈനയുടെ മുൻ ലോക ഒന്നാം നമ്പർ താരവും 2025 ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവുമായ ഷു ജിംഗിയെ 6-2ന് കീഴടക്കി.
ഫൈനലിന്റെ തുടക്കത്തിൽ തിരിച്ചടി നേരിട്ടെങ്കിലും രണ്ടാം സെറ്റിൽ കുങ്കും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഈ ഏഷ്യൻ ഗെയിംസിൽ താരത്തിന്റെ രണ്ടാമത്തെ സ്വർണനേട്ടമാണിത്. വനിതാ റിക്കർവ് ടീം ഇനത്തിൽ അങ്കിത ഭകത്, കീർത്തി ശർമ്മ എന്നിവർക്കൊപ്പം സഖ്യമുണ്ടാക്കി ഇന്ത്യക്ക് സ്വർണ്ണം സമ്മാനിച്ചതിനു തൊട്ടുപിന്നാലെയാണ് വ്യക്തിഗത വിഭാഗത്തിലും താരം പൊന്നണിഞ്ഞത്. ധീരജ് ബൊമ്മദേവരയ്ക്കൊപ്പം മിക്സഡ് റിക്കർവ് ടീം ഇനത്തിൽ കുങ്കുമിന് വെള്ളി മെഡലും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.
ഗോൾഫിൽ വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ അവസാന റൗണ്ടിൽ നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് പ്രണവി സ്വർണം സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിലെ വ്യക്തിഗത ഗോൾഫ് സ്വർണത്തിനായുള്ള ഇന്ത്യയുടെ ദീർഘകാല കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. പ്രണവിയുടെ വ്യക്തിഗത നേട്ടത്തിനൊപ്പം വനിതാ ടീം ഇനത്തിലും ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി. പ്രണവി ഉർസ്, അദിതി അശോക്, ദീക്ഷ ദാഗർ എന്നിവരാണ് വനിതാ ടീം വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
Seventeen-year-old Indian archer Kumkum Anil Mohod scripted history by winning gold in the women’s individual recurve event at the Asian Games. She defeated South Korea’s Oh Ye-jin in a shoot-off after the final ended 5-5. Kumkum also secured India’s women’s recurve quota for the 2028 Los Angeles Olympics. She has now won two golds and one silver at these Games.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |