SignIn
Kerala Kaumudi Online
Saturday, 11 July 2026 8.28 PM IST

75,000ല്‍ നിന്ന് 11.80 ലക്ഷം, സിബിന്‍ ഗിരീഷ് വിലയേറിയ താരം, കെസിഎല്‍ ലേലം പൂര്‍ത്തിയായി

READ ENGLISH VERSION
kcl-auction
കഴിഞ്ഞ സീസണിലെ കെസിഎല്‍ മത്സരങ്ങളിലൊന്നില്‍ നിന്ന് (ഫയല്‍ ചിത്രം)

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണുള്ള താരലേലം പൂര്‍ത്തിയായി. സിബിന്‍ ഗിരീഷാണ് ലേലത്തിലെ ഏറ്റവും വിലകൂടിയ താരം. ആലപ്പി റിപ്പിള്‍സ് 11.80 ലക്ഷം രൂപയ്ക്കാണ് സിബിന്‍ ഗിരീഷിനെ സ്വന്തമാക്കിയത്. കൃഷ്ണദേവനും സച്ചിന്‍ ബേബിയുമാണ് കൂടുതല്‍ തുക നേടിയ മറ്റ് താരങ്ങള്‍. കൃഷ്ണദേവനെ 11.20 ലക്ഷത്തിന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് സ്വന്തമാക്കിയപ്പോള്‍ സച്ചിന്‍ ബേബിയെ പത്ത് ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിള്‍സും ടീമിലെത്തിച്ചു. 18 താരങ്ങളെ വിവിധ ടീമുകള്‍ നേരത്തെ തന്നെ നിലനിര്‍ത്തിയിരുന്നു. ശേഷിക്കുന്ന 89 പേരെയാണ് വിവിധ ടീമുകള്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്.


സി കാറ്റഗറിയില്‍പ്പെട്ട താരമായ സിബിന്റെ അടിസ്ഥാന വില 75,000 രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലും ഏതാനും ദിവസം മുന്‍പ് അവസാനിച്ച എന്‍.എസ്.കെ. ട്രോഫിയിലുമടക്കം മികച്ച പ്രകടനം കാഴ്ചവെച്ച സിബിനായി വാശിയേറിയ പോരാട്ടമായിരുന്നു അരങ്ങേറിയത്. ആലപ്പി റിപ്പിള്‍സിന് പുറമെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും സിബിനായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ 11.80 ലക്ഷത്തിന് സിബിനെ ആലപ്പി സ്വന്തമാക്കുകയായിരുന്നു. കൂറ്റനടികളിലൂടെ കഴിഞ്ഞ സീസണില്‍ ശ്രദ്ധേയനായ കൃഷ്ണദേവന് വേണ്ടിയും വാശിയേറിയ ലേലമായിരുന്നു അരങ്ങേറിയത്. തൃശൂരും കൊച്ചിയും ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്ന് 11.20 ലക്ഷത്തിന് കാലിക്കറ്റ് തന്നെ ലേലത്തിലൂടെ താരത്തെ നിലനിര്‍ത്തി.


എ കാറ്റഗറിയില്‍ സച്ചിന്‍ ബേബിയും വിഷ്ണു വിനോദും നിധീഷ് എം. ഡി.യും ബേസില്‍ തമ്പിയും അടക്കമുള്ള താരങ്ങളായിരുന്നു ഏറ്റവും കൂടുതല്‍ തുക നേടിയത്. തൃശൂര്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്ന് പത്ത് ലക്ഷത്തിന് സച്ചിനെ ആലപ്പി ടീമിലെത്തിച്ചപ്പോള്‍, വിഷ്ണു വിനോദിനെ 7.80 ലക്ഷത്തിന് ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കി. നിധീഷ് എം. ഡി.യെ 6.60 ലക്ഷത്തിന് കൊല്ലവും ബേസില്‍ തമ്പിയെ 5.40 ലക്ഷത്തിന് കൊച്ചി ബ്ലൂ ടൈഗേഴ്‌സും ടീമിലെത്തിച്ചു. ഓള്‍ റൗണ്ടര്‍മാരായ അബ്ദുള്‍ ബാസിദിനെ എട്ട് ലക്ഷത്തിന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും അഭിജിത് പ്രവീണിനെ ആറ് ലക്ഷത്തിന് ആലപ്പി റിപ്പിള്‍സും സ്വന്തമാക്കി. എം. അജ്‌നാസും ആനന്ദ് കൃഷ്ണനുമാണ് എ കാറ്റഗറിയില്‍ വലിയ തുക നേടിയ മറ്റ് രണ്ട് താരങ്ങള്‍. അജ്‌നാസിനെ ഏഴ് ലക്ഷത്തിനും ആനന്ദ് കൃഷ്ണനെ 5.20 ലക്ഷത്തിലും കൊല്ലമാണ് സ്വന്തമാക്കിയത്.


ബി വിഭാഗത്തില്‍ എം. നിഖില്‍, അക്ഷയ് മനോഹര്‍ എന്നിവരാണ് കൂടുതല്‍ തുക നേടിയത്. നിഖിലിനെ 6.20 ലക്ഷത്തിനും അക്ഷയ് മനോഹറിനെ 4.80 ലക്ഷത്തിനും ട്രിവാന്‍ഡ്രം റോയല്‍സാണ് ടീമിലെത്തിച്ചത്. സി വിഭാഗത്തില്‍ സിബിന്‍ ഗിരീഷിനും കൃഷ്ണദേവനും പുറമെ അമല്‍ എ. ജി., എം. എസ്. അഖില്‍, വിപുല്‍ ശക്തി തുടങ്ങിയ താരങ്ങള്‍ക്ക് വേണ്ടിയാണ് കടുത്ത മത്സരം നടന്നത്. 3.80 ലക്ഷത്തിന് അമല്‍ എ. ജിയെ കൊല്ലം സെയിലേഴ്‌സും എം. എസ്. അഖിലിനെ തൃശൂര്‍ ടൈറ്റന്‍സും സ്വന്തമാക്കിയപ്പോള്‍ വിപുല്‍ ശക്തിയെ മൂന്ന് ലക്ഷത്തിന് കൊച്ചി ബ്ലൂ ടൈഗേഴ്‌സും ടീമിലെത്തിച്ചു.


ഏരീസ് കൊല്ലം സെയിലേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും നാല് താരങ്ങളെ വീതവും കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും ട്രിവാണ്‍ഡ്രം റോയല്‍സും മൂന്ന് താരങ്ങളെ വീതവും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് രണ്ട് പേരെയും ആലപ്പി റിപ്പിള്‍സ് രണ്ട് പേരെയും വീതം നിലനിര്‍ത്തിയിരുന്നു. ബാക്കിയുള്ളവര്‍ക്കായാണ് ലേലം നടന്നത്. ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവഴിക്കാന്‍ കഴിയുമായിരുന്നത്. ഇതില്‍ ട്രിവാന്‍ഡ്രം റോയല്‍സും ആലപ്പി റിപ്പിള്‍സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും മുഴുവന്‍ തുകയും ചെലവഴിച്ചു. കൊല്ലം 49.75 ലക്ഷവും കാലിക്കറ്റ് 49.70 ലക്ഷവും തൃശൂര്‍ 49.35 ലക്ഷം വീതവും ചെലവഴിച്ചു. കൊച്ചിയും തൃശൂരും 20 താരങ്ങളെ ടീമിലെത്തിച്ചപ്പോള്‍ ആലപ്പിയും കാലിക്കറ്റും ട്രിവാന്‍ഡ്രവും 16 പേരെ വീതവും കൊല്ലം 19 പേരെയും ലേലത്തിലൂടെ സ്വന്തമാക്കി.

English Summary

sibin gireesh is the most expensive buy in kcl player auction

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL, SEASON 3, AUCTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360