
തിരുവനന്തപുരം : രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോൺ നാളെ നടക്കുമെന്ന് മുഖ്യസംഘാടകരായ യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ ചെയർമാൻ സുമേഷ് ചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 42. 2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തോണാണ് നടക്കുന്നത്. കോവളം ലീല ഗ്രോവ് ബീച്ചിൽ നിന്ന് പുലർച്ചെ മൂന്നിന് ആരംഭിക്കുന്ന മാരത്തോൺ ശംഖുമുഖത്തെത്തുകയും തിരികെ 8.30 ന് കോവളത്ത് എത്തി സമാപിക്കുകയും ചെയ്യും.
21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടം, അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള കോർപ്പറേറ്റ് റൺ എന്നിവയും നടക്കും.
നിഷുമായി സഹകരിച്ച് രണ്ടുകിലോമീറ്റർ ദൈർഘ്യത്തിൽ ഭിന്നശേഷിക്കാർക്കായി സൂപ്പർ റണ്ണും സംഘടിപ്പിക്കുന്നുണ്ട്. കോവളം മുതൽ ശംഖുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തോൺ. സ്ത്രീകൾക്കും പുരുഷന്മാർക്കും വയോജനങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാം.
ഐ ക്ളൗഡ് ഹോംസ് മുഖ്യസ്‌പോൺസറും വാട്‌സൺ എനർജി സഹസ്പോൺസറുമാണ്. കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, കേരള പൊലീസ്, കേരള ടൂറിസം, ജി ടെക് എന്നിവയുടെ സഹകരണത്തോടെയാണ് മാരത്തോണിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. പാങ്ങോട് ആർമി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എം.പി, ഫുട്ബാൾതാരം ഐ.എം വിജയൻ, അത്‌ലറ്റുകൾ, ഫിറ്റ്നസ് പ്രേമികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും. സമാപനചടങ്ങിൽ വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത പൊലീസ്, ആർമി, എയർഫോഴ്സ് വിഭാഗങ്ങളെ അനുമോദിക്കും.
സമൂഹത്തിന്റെ മാനസിക- ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുകയാണ് മാരത്തോണിന്റെ ലക്ഷ്യമെന്ന് ഐ ക്ളൗഡ് ഹോംസ് ഡയറക്ടർ ബിജു ജനാർദ്ദനൻ പറഞ്ഞു.
യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്‌റ്റർ കോ- ചെയർ ശങ്കരി ഉണ്ണിത്താൻ, മാരത്തോൺ റൈസ് ഡയറക്ടർ ഷിനോ, കോവളം മാരത്തോൺ റൈസ് കൺവീനർ മാത്യു ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |