
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 6-0ത്തിന് ബൊളീവിയയെ തോൽപ്പിച്ച്
അർജന്റീന, മൂന്നു ഗോളുകളും രണ്ട് അസിസ്റ്റുമായി മെസി
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസി ഗോളുകളും അസിസ്റ്റുകളുമായി തകർത്താടിയ മത്സരത്തിൽ ലാറ്റിനമേരിക്കൻ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയെ മറുപടിയില്ലാത്ത അരഡസൻ ഗോളുകൾക്ക് തകർത്ത് നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീന. കഴിഞ്ഞ മത്സരത്തിൽ വെനിസ്വേലയോട് 1-1ന് സമനില വഴങ്ങിതിന്റെ ക്ഷീണവും മെസിയും കൂട്ടരും തീർത്തു.
കോപ്പ അമേരിക്ക കിരീടത്തിന് ശേഷം പരിക്കുമാറി തിരിച്ചെത്തിയ മെസിയുടെ രണ്ടാം മത്സരമായിരുന്നു ഇത്.
19, 84, 86 മിനിട്ടുകളിലായിരുന്നു മെസിയുടെ ഗോളുകൾ. ലൗത്താരോ മാർട്ടിനെസിന്റെ പാസിൽ നിന്നാണ് മെസി ഗോളടി തുടങ്ങിയത്. 43-ാം മിനിട്ടിൽ മെസിയുടെ പാസിൽനിന്ന് ലൗത്താരോ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് മെസിയുടെ അസിസ്റ്റിൽ ജൂലിയൻ അൽവാരേസും സ്കോർ ചെയ്തു. 69-ാം മിനിട്ടിൽ തിയാഗോ അൽമാഡ വലകുലുക്കിയതിന് പിന്നാലെ 84, 86 മിനിട്ടുകളിലായി മെസി ഹാട്രിക്ക് തികച്ചു.
യോഗ്യതാ റൗണ്ടിൽ 10 കളികളിൽ നിന്ന് 22 പോയന്റുമായി അർജന്റീനയാണ് ഒന്നാമത്.
നാലടിച്ച് ജയിച്ച് ബ്രസീൽ
മറ്റൊരു മത്സരത്തിൽ ബ്രസീൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് പെറുവിനെ കീഴടക്കി.38,54 മിനിട്ടുകളിൽ പെനാൽറ്റിയിൽ നിന്ന് റഫീഞ്ഞ ഇരട്ട ഗോളുകൾ നേടി.71-ാം മിനിട്ടിൽ ആൻഡ്രിയാസ് പെരേരയും 74-ാം മിനിട്ടിൽ ലൂയിസ് ഹെൻറിക്വേയും മറ്റ് ഗോളുകൾ നേടി. ഈ വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ബ്രസീൽ നാലാമതേക്കുയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |