
സാജൻ പ്രകാശിന് രണ്ട് വെങ്കലങ്ങൾ
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ സാജൻ പ്രകാശിന്റെ ഇരട്ട വെങ്കലങ്ങളോടെ കേരളം മെഡൽ അക്കൗണ്ട് തുടങ്ങി. 200 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിലും 100 മീറ്റർ ബട്ടർഫ്ളൈ ഇനത്തിലുമായിരുന്നു സജന്റെ വെങ്കലമെഡലുകൾ. നീന്തലിൽ മിന്നിത്തുടങ്ങിയ കർണാടകം ആദ്യ ദിനം അഞ്ചുസ്വർണവും രണ്ട് വെള്ളിയും ഉൾപ്പടെ ഏഴുമെഡലുകളുമായി ഒന്നാം സ്ഥാനത്താണ്. നാലുവീതം സ്വർണവും വെള്ളിയും നേടിയ മണിപ്പൂരാണ് രണ്ടാം സ്ഥാനത്ത്. കേരളം പട്ടികയിൽ എട്ടാമതാണ്.
സാജനിലൂടെ വീണ്ടും
കഴിഞ്ഞ മൂന്ന് ദേശീയ ഗെയിംസുകളിലുമായി 26 മെഡലുകൾ വാരിക്കൂട്ടിയിരുന്ന സാജൻ പ്രകാശിലൂടെയാണ് കേരളം ഇക്കുറിയും അക്കൗണ്ട് തുറന്നത്. എന്നാൽ ആദ്യ ദിനം സ്വർണത്തിലേക്കെത്താൻ സാജന് കഴിഞ്ഞില്ല. യുവ അന്താരാഷ്ട്രതാരം ശ്രീഹരി നടരാജാണ് 200 മീറ്റർ ഫ്രീസ്റ്റൈലിൽ ഒന്നാമതെത്തിയത്. കർണാടകയുടെ തന്നെ അനിഷ് എസ്.ഗൗഡ വെള്ളി നേടി.1.53.73 സെക്കന്റിലാണ് സാജൻ ഫിനിഷ് ചെയ്തത്. 100 മീറ്റർ ബട്ടർഫ്ളൈയിൽ തമിഴ്നാടിന്റെ രോഹിതിനാണ് സ്വർണം. ഇന്ന് സാജന് മത്സരമില്ല. നാളെ വീണ്ടും കുളത്തിലിറങ്ങുന്നുണ്ട്.
അതേസമയം ഇന്ന് വനിതാവിഭാഗം നീന്തലിൽ മെഡൽ പ്രതീക്ഷയായ കേരള താരം ഹർഷിത ജയറാം മത്സരിക്കാനിറങ്ങും. കഴിഞ്ഞ ഗെയിംസിലെ സ്വർണമെഡൽ ജേതാവാണ് ഹർഷിത.
വിദർഷ ഷൂട്ടിംഗ് ഫൈനലിൽ
ഇന്നലെ നടന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിൽ കേരളത്തിന്റെ വിദർഷ കെ വിനോദ് ഫൈനലിലേക്ക് കടന്നു. യോഗ്യത റൗണ്ടിൽ 633 പോയിന്റ് നേടി നാലാം സ്ഥാനക്കാരിയായാണ് വിദർഷ ഫൈനലിലെത്തിയത്. ഇന്ന് രാവിലെ 9 മണിക്കാണ് ഫൈനൽ.
ബീച്ച് ഹാൻഡ് ബാൾ :
കേരളം സെമിയിൽ
വനിതകളുടെ ബീച്ച് ഹാൻഡ്‌ബാളിൽ ഒരു ജയം കൂടി നേടിയാൽ കേരളത്തിന് മെഡലുറപ്പിക്കാം. ഇന്നലെ ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിലും വിജയിച്ച് കേരളം സെമിയിലെത്തിയിട്ടുണ്ട്. ബംഗാളിനെയാണ് ഇന്നലെ പരാജയപ്പെടുത്തിയത്. കേരളത്തിന് വേണ്ടി അൽഫോൺസ പത്തും അശ്വതി ഏട്ടും പോയിന്റ് വീതം നേടി. ഇന്ന് രാവിലെ 9 ന് നടക്കുന്ന സെമിയിൽ അസാമാണ് കേരളത്തിന്റെ എതിരാളികൾ.
മറ്റ് കേരള വിജയങ്ങൾ
വുഷുവിൽ സാൻഡ 65 കിലോ ഗ്രാം വിഭാഗത്തിൽ സഫീറും 75 കിലോ ഗ്രാം വിഭാഗത്തിൽ മുഹമ്മദ് സിനാനും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.
വനിത വിഭാഗം വാട്ടർപോളോയിൽ എതിരില്ലാത്ത 25 ഗോളിന് തമിഴ്‌നാടിനെ തോല്‍പ്പിച്ചു.
5x5 വനിതാ ബാസ്‌ക്കറ്റ്‌ബാളിലെ ആദ്യ മത്സരത്തിൽ ഉത്തർപ്രദേശിനെ 73-37 ന് തോൽപ്പിച്ചു.
വനിത വോളിബാളിൽ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് പശ്ചിമബംഗാളിനെ തോൽപ്പിച്ചു.
പുരുഷ റഗ്ബിയിൽ ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ ഉത്തരാഖണ്ഡിനെ തോൽപ്പിച്ച് സെമി സാധ്യത നിലനിറുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |