
തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ഒരു വിഭാഗം താത്കാലിക പരിശീലകർക്കും സ്പോർട്സ് ഹോസ്റ്റലിലെ ജീവനക്കാർക്കും ശമ്പളം കിട്ടിയിട്ട് മൂന്നുമാസമാകുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുകപോലും
ധനവകുപ്പിൽ നിന്ന് കൃത്യമായി വാങ്ങിയെടുക്കാൻ കഴിയാത്തതാണ് അർദ്ധസർക്കാർ സ്ഥാപനമായ കൗൺസിലിനെപ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
പരിശീലകർ, ഹോസ്റ്റൽ വാർഡൻമാർ, കെയർടേക്കർമാർ, സുരക്ഷാജീവനക്കാർ തുടങ്ങി താത്കാലിക തസ്തികകളിൽ ജോലി നോക്കുന്നവർക്ക് ശമ്പളം മുടങ്ങാൻ തുടങ്ങിയിട്ട് ഒരുവർഷത്തിലേറെയായി. അതിനിടെ ഓഫീസ് ജീവനക്കാരായ കുറച്ചുപേരെ മാത്രം സ്ഥിരജീവനാർക്ക് ഒപ്പം ശമ്പളം ലഭിക്കുന്ന രീതിയിലേക്ക് മാറ്റുകയും ചെയ്തു. സ്ഥിരജീവനക്കാർക്ക് നവംബർ വരെയുള്ള ശമ്പളമാണ് ലഭിച്ചത്.
ശമ്പളമുൾപ്പടെയുള്ള കൗൺസിലിന്റെ ആവശ്യങ്ങൾക്കുള്ള ഫണ്ട് കൃത്യമായ സമയത്ത് ശരിയായ രീതിയിൽ ആവശ്യപ്പെടാത്തതുകൊണ്ടാണ് നൽകാൻ വൈകുന്നതെന്നാണ് ധനകാര്യവകുപ്പ് വൃത്തങ്ങൾ പറയുന്നത്. നേരത്തേ ദേശീയ ഗെയിംസിന്റെ മുന്നൊരുക്കൾക്കുള്ള തുകയും വേണ്ട സമയത്ത് ധനകാര്യവകുപ്പിനോട് ആവശ്യപ്പെടാതിരുന്നത് വിവാദമായിരുന്നു.
സ്റ്റേഡിയങ്ങളിൽ വെള്ളവും
വെളിച്ചവും കട്ടുചെയ്യുന്നു
കഴിഞ്ഞദിവസം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കുടിശിക അടയ്ക്കാത്തതിന്റെ പേരിൽ വാട്ടർ അതോറിറ്റി കണക്ഷൻ വിച്ഛേദിച്ചിരുന്നു. ഇവിടെയുള്ള സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾ പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാനാവാതെ ബുദ്ധിമുട്ടി. ഇത് വാർത്തയായതോടെ കുടിശിക അടച്ച് കണക്ഷൻ വീണ്ടും നൽകിയത്. പല സ്റ്റേഡിയങ്ങളിലും ഹോസ്റ്റലുകളിലും വെള്ളത്തിന്റേയും വൈദ്യുതിയുടെയും തുക കുടിശികയാണ്.
സ്പോർട്സ് ഹോസ്റ്റലുകളും സ്റ്റേഡിയങ്ങളും വളരെ പരിതാപകരമായ സ്ഥിതിയിലാണ്. ഇതിനൊരു മാറ്റമുണ്ടാകാൻ സർക്കാർ അടിയന്തരമായി ഇടപെട്ടേ മതിയാവൂ
- ജി.സുഗുണൻ, പ്രസിഡന്റ് , റീജിയണൽ സ്പോർട്സ് ആൻഡ്
ഗെയിംസ് അസോസിയേഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |