
പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ മുഹമ്മദാലി മാസ്റ്ററുടെ മകൻ മുഹമ്മദ് ജാസിൽ കുട്ടിക്കാലം മുതൽ കണ്ടുവളർന്നതാണ് വുഷു. പിതാവ് പരിശീലനം നൽകുന്ന അങ്ങാടിപ്പുറത്തെ ഐ.എസ്.കെ മാർഷ്യൽ അക്കാഡമിയിൽ നഴ്സറിക്കാലം മുതൽ പരിശീലനവും തുടങ്ങി. പിന്നെപ്പിന്നെ അച്ഛന്റെ അഭാവത്തിൽ മറ്റ് കുട്ടികൾക്ക് പരിശീലനം നൽകുന്ന ചുമതലയും ഏറ്റെടുത്ത ജാസിൽ 20-ാം വയസിൽ ദേശീയ ഗെയിംസ് സ്വർണത്തിൽ മുത്തമിട്ട് കേരളത്തിന്റെ അഭിമാനമായും മാറി. ജാസിലിന്റേത് ഒരു വുഷു കുടുംബമെന്ന് വിശേഷിപ്പിക്കാം. വുഷു മലപ്പുറം ജില്ലാ അസോസിയേഷന്റെ പ്രസിഡന്റും സംസ്ഥാനത്തെ മുൻനിര വുഷു ട്രെയിനറുമാണ് മുഹമ്മദാലി. മാതാവ് സാജിത യോഗ ട്രെയ്നറും കരാട്ടെ ബ്ളാക് ബെൽറ്റും. ജാസിലും സഹോദരിമാരായ ഫാത്തിമയും ആയിഷയും പിതാവിന്റെ അക്കാഡമിയിൽ പരിശീലിക്കുന്നുണ്ട്. സഹോദരനെപ്പോലെ കേരളത്തിനായി മെഡലുകൾ വാരിക്കൂട്ടണമെന്നുതന്നെയാണ് ഫാത്തിമയുടെയും ആയിഷയുടെയും ആഗ്രഹവും. ഇളയ സഹോദരൻ അയ്മൻ ഹാദിക്ക് ഒന്നര വയസായിട്ടേയുള്ളൂ.
നേരത്തേയെത്തി,മെഡലണിഞ്ഞു
ഉത്തരാഖണ്ഡിലെ തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ രണ്ടാഴ്ചമുന്നേ ഇവിടെയെത്തി പരിശീലനം നടത്തിയതാണ് തനിക്ക് സ്വർണം ലഭിക്കാൻ സഹായകരമായതെന്ന് ജാസിൽ പറഞ്ഞു. ഗെയിംസ് ആരംഭിക്കുന്നതിന് മുന്നേ സ്വന്തം ചെലവിൽ എത്തിയ വുഷു താരങ്ങൾക്ക് മഞ്ഞും തണുപ്പുമുള്ള കാലാവസ്ഥ ആദ്യം ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് അതിനോട് ഇണങ്ങാനായി. അതിന്റെ ഗുണം മത്സരത്തിൽ ലഭിക്കുകയും ചെയ്തു.
വുഷുവിലെ ആദ്യ സ്വർണം
ദേശീയ ഗെയിംസിൽ വുഷുവിൽ കേരളം സ്വർണം നേടുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദേശീയ ഗെയിംസിൽ രണ്ട് വെങ്കലങ്ങൾ ലഭിച്ചിരുന്നു. 2015ൽ കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസിലും വെങ്കലം നേടാനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |