
എട്ടുവർഷമായി ഒരേ കളരിയിൽ ഒരുമിച്ച് പരിശീലിക്കുകയും ഡ്യുവൽ ഇനങ്ങളിൽ ഒരു ടീമായി മത്സരിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട സുഹൃത്തിന് ദേശീയ ഗെയിംസിൽ സ്വർണം കിട്ടിയപ്പോൾ താൻ ഇതേ മത്സരത്തിൽ നാലാം സ്ഥാനത്തായിപ്പോയതിന്റെ സങ്കടം മറന്ന് സന്തോഷിക്കുകയാണ് മുനീർ. ഇന്നലെ നടന്ന വുഷുവിലെ തൗലു വിഭാഗത്തിൽ 8.35 പോയിന്റോടെ കേരളത്തിന്റെ മുഹമ്മദ് ജാസിൽ സ്വർണം നേടിയപ്പോൾ 8.00 പോയിന്റോടെ നാലാം സ്ഥാനത്താവുകയായിരുന്നു മുനീർ. ജാസിൽ സ്വർണം നേടിയപ്പോൾ ആദ്യം ഓടിച്ചെന്ന് വാരിപ്പുണർന്ന് സന്തോഷം പങ്കുവച്ചത് മുനീറാണ്.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ജാസിലും പുലാമന്തോൾ സ്വദേശിയായ മുനീറും എട്ടുവർഷം മുമ്പ് പെരിന്തൽമണ്ണയിലെ ഐ.എസ്.കെ മാർഷ്യൽ അക്കാഡമിയിൽ വച്ചാണ് കണ്ടുമുട്ടുന്നതും കൂട്ടുകാരാവുന്നതും. സ്കൂൾ പഠനം രണ്ടിടത്തായിരുന്നെങ്കിലും കോളേജിലെത്തിയപ്പോൾ ഒരുമിച്ചു. പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും.
ദേശീയ മത്സരങ്ങളിലും യൂണിവേഴ്സിറ്റി,ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലും ഇരുവരും ഒരുമിച്ചാണ് മത്സരിക്കുന്നത്. കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ഇനത്തിലും രണ്ടുപേർ മത്സരിക്കുന്ന ഡ്യുവൽ ഇനത്തിലും ഇരുവരും സ്വർണം നേടിയിരുന്നു. കഴിഞ്ഞ ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലും ഒരുമിച്ചായിരുന്നു മെഡൽ നേട്ടം. ദേശീയ ഗെയിംസിൽ വ്യക്തിഗത മത്സരങ്ങൾ മാത്രമാണുള്ളത്. ഈ മാസം നടക്കുന്ന ഇന്റർ യൂണിവേഴ്സിറ്റി മീറ്റിനായുള്ള തയ്യാറെടുപ്പിലാണ് ജാസിലും മുനീറും. പുലാമന്തോൾ സ്വദേശികളായ കുഞ്ഞീപ്പൂവിന്റേയും ഷഹർബാന്റേയും മകനാണ് മുനീർ.മുനീഫ, മുസീദ,അമാനിയ എന്നിവർ സഹോദരങ്ങൾ.
ജാസിൽ സ്വർണം നേടിയതിൽ വലിയ സന്തോഷമുണ്ട്. അവന്റെ നേട്ടം ഞങ്ങൾക്കെല്ലാം പ്രചോദനമാണ്.
- മുനീർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |