SignIn
Kerala Kaumudi Online
Friday, 23 October 2026 8.31 AM IST

ഉണങ്ങിത്തുടങ്ങിയ മുറിവിൽ ചുണ്ണാമ്പുതേച്ച് കായിക വകുപ്പ്

d

തിരുവനന്തപുരം : കേരള ഒളിമ്പിക് അസോസിയേഷനും കായിക അസോസിയേഷനുകളും ഒരുവശത്തും കായിക മന്ത്രിയും സംസ്ഥാന സ്പോർട്സ് കൗൺസിലും മറുവശത്തുമായുള്ള വാക്പോര് ശമിച്ചുവരുന്നതിനിടെയാണ് ഹാൻഡ്ബാൾ താരങ്ങളുടെ പ്രതിഷേധത്തിന്റെ പേരിൽ തിരുവനന്തപുരം ജില്ലാസ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെ തെറുപ്പിച്ച കായിക വകുപ്പിന്റെ നടപടി. ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിന് പിന്നാലെ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ കായികമന്ത്രി വട്ടപ്പൂജ്യമാണെന്ന് വിമർശിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ഇതിന് മറുപടിനൽകിയപ്പോഴാണ് മന്ത്രിക്ക് ഹാൻഡ്ബോളും നെറ്റ്ബോളും മാറിയത്. തുടർന്ന് ഇരുകൂട്ടരും പരസ്യ വിമർശനങ്ങൾ തുടർന്നെങ്കിലും കായികതാരങ്ങൾക്ക് അസോസിയേഷനുകൾവഴിയുള്ള ഗ്രാന്റ് കുടിശിക അനുവദിക്കുന്നതിലുൾപ്പടെ നടപടികൾ വേഗത്തിലാകുന്നത് കണ്ടതോടെ ഒളിമ്പിക് അസോസിയേഷൻ ആക്രമണത്തിന്റെ വീര്യം കുറച്ചിരുന്നു. ഇതുകൊണ്ടെുകൂടിയാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ കേരള ഒളിമ്പിക് അസോസിയേഷനെ കേരള ഒഴിക്കൽ അസോസിയേഷനെന്ന് പരിഹസിച്ചിട്ടും അതേനാണയത്തിൽ പരസ്യമായി പ്രതികരിക്കാതിരുന്നത്.

എന്നാൽ ഒളിമ്പിക് അസോസിയേഷനുമായി ആഭിമുഖ്യം പുലർത്തുന്ന ഹാൻഡ്ബാൾ അസോസിയേഷൻ സെക്രട്ടറികൂടിയായ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീറിനെ പുറത്താക്കിയതോടെ ഉണങ്ങിത്തുടങ്ങിയ മുറിവിൽ ചുണ്ണാമ്പ് തേച്ച സ്ഥിതിയായി. ഇതിനെതിരെ അടിയന്തരയോഗം ചേർന്ന ഒളിമ്പിക് അസോസിയേഷൻ പത്രസമ്മേളനം വിളിച്ച് മന്ത്രിക്കും കൗൺസിലിനുമെതിരെ ആഞ്ഞടിച്ചു. മന്ത്രി വിവാദപ്രസ്താവന പിൻവലിച്ചില്ലെങ്കിൽ കായികതാരങ്ങൾക്കൊപ്പം സമരം ചെയ്യുമെന്നും പ്രഖ്യാപിച്ചു. കൗൺസിൽ വൈസ് പ്രസിഡന്റ്കൂടിയായ ഒളിമ്പിക് അസോസിയേഷൻ ട്രഷറർ എം.ആർ രഞ്ജിത്തിനെതിരെ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. കായികരംഗത്ത് ഉരുണ്ടുകൂടിയ കാർമേഘങ്ങൾ ഉടനെ നീങ്ങാനിടയില്ലെന്നാണ് സൂചന.

വിവാദമായ ഹാൻഡ്ബാൾ പരാമർശം

ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ ഹാൻഡ്ബാളിൽ ഒത്തുകളിച്ചെന്നാണ് മന്ത്രി ചാനലുകളോട് പറഞ്ഞത്. എന്നാൽ മോശം റഫറിയിംഗിലൂടെ കേരളത്തെ മനപ്പൂർവ്വം തോൽപ്പിച്ചത് നെറ്റ്ബാളിലാണ്. ഇത് തിരുത്താൻ മന്ത്രി തയ്യാറാകാതിരുന്നതോടെ മെഡൽ നേടിയ കായികതാരങ്ങൾ സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിൽ പ്രതിഷേധവുമായെത്തി മെഡലുകൾ കടലിലെറിയുമെന്ന് പറഞ്ഞു. സുധീറാണ് കായികതാരങ്ങളെ സമരത്തിനിറക്കിയതെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഷറഫലിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുധീറിനെതിരെ നടപടിയുണ്ടായത്.

ചട്ടവിരുദ്ധമായാണ് എന്നെ പുറത്താക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കും.ഹാൻഡ്ബാൾ അസോസിയേഷനുമായി ബന്ധപ്പെട്ട് കായികമന്ത്രിയുടെ ഓഫീസിലെ ചിലർക്കുള്ള വ്യക്തിവൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്ന് സംശയിക്കുന്നു.

- എസ്.എസ് സുധീർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360