
നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ 37 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി വിദർഭ. ഫൈനലിന്റെ മൂന്നാം ദിനമായ ഇന്നലെ കേരളം ഒന്നാം ഇന്നിംഗ്‌സിൽ 342 റൺസിന് പുറത്തായി. 379 റൺസായിരുന്നു വിദർഭ ആദ്യ ഇന്നിംഗ്സിൽ നേടിയത്. ഇനി വിദർഭയെ തോൽപ്പിച്ചാൽ മാത്രമേ കന്നി രഞ്ജി കിരീടം എന്ന സ്വപ്നം സഫലമാക്കാൻ കേരളത്തിനാകൂ.
98 റൺസ് നേടിയ ക്യാപ്‌ടൻ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. രഞ്ജി ചരിത്രത്തിൽ, ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയ വിദർഭ താരം ഹർഷ് ദുബെയുടെ പ്രകടനവും മൂന്നാം ദിവസംശ്രദ്ധേയമായി.
ഓ... സച്ചിൻ,
ജസ്റ്ര് മിസ്
മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിലാണ് കേരളം മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയതെങ്കിലും കരുതലോടെയാണ് ആദിത്യ സർവാതെയും സച്ചിൻ ബേബിയും ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. ആദിത്യ സർവാതെയുടെ (79) വിക്കറ്റാണ് ഇന്നലെ കേരളത്തിന് ആദ്യം നഷ്ടമായത്. ടീം സ്‌കോർ 170ൽ നിൽക്കെ സർവാതെയെ ഹർഷ് ദുബെയുടെ പന്തിൽ ഡാനിഷ് മലേവാർ പിടിച്ച് പുറത്താവുകയായിരുന്നു. ഒരറ്റത്ത് സച്ചിൻ ഉറച്ച് നിന്നെങ്കിലും തുടർന്നെത്തിയ മറ്റാർക്കും ദീർഘമായ ഇന്നിംഗ്‌സുകൾ കളിക്കാനാവാതെ പോയത് കേരളത്തിന് തിരിച്ചടിയായി. കഴിഞ്ഞ മത്സരങ്ങളിൽ രക്ഷകനായി അവതരിച്ച സൽമാൻ നിസാർ 21 റൺസെടുത്ത് പുറത്തായി.
5-ാം വിക്കറ്റിൽ സച്ചിനും മുഹമ്മദ് അസ്ഹറുദ്ദീനും അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി കേരളത്തിന് പ്രതീക്ഷ നൽകി മുന്നോട്ടുപോകുന്നതിനിടെ ദർശൻ നൽഖണ്ഡെ വിദർഭയുടെ രക്ഷകനായി. 34 റൺസെടുത്ത അസ്ഹറുദ്ദീനെ വി- ക്കറ്റിന് മുന്നിൽക്കുടുക്കിയാണ് നൽഖണ്ഡെയുടെ വിദർഭയ്ക്ക് ബ്രേക്ക് ത്രൂനൽകിയത്.
അഞ്ചാം വിക്കറ്റിൽ സച്ചിനും അസ്ഹറുദ്ദീനും 144 പന്തിൽ 59 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. തുടർന്നെത്തിയ ജലജ് സക്‌സേനയും സച്ചിന് മികച്ച പിന്തുണ നൽകി. ഇരുവരും ഏഴാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്തു. കേരള സ്‌കോർ മുന്നൂറും കടന്ന് ലീഡിലേക്ക് നീങ്ങിയേക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അർഹിച്ച സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ അപ്രതീക്ഷിതമായി സച്ചിൻ പുറത്തായത്. പാർഥ് രഖഡെയുടെ പന്തിൽ കരുൺ നായർ പിടിച്ചാണ് സച്ചിന്റെ മടക്കം. 235 പന്തുകളിൽ 10 ബൗണ്ടറികൾ ഉൾപ്പെട്ടതാണ് സച്ചിന്റെ ഇന്നിംഗ്‌സ്.
വാല് പൊങ്ങിയല്ല
തുടർന്ന് കേരളത്തിന്റെ ചെറുത്തുനില്പ് അധികം നീണ്ടില്ല. 18 റൺസ് കൂടി ചേർക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. ജലജ് സക്‌സേന 28ഉം ഏദൻ ആപ്പിൾ ടോം പത്തും, നിധീഷ് ഒരു റണ്ണെടുത്തും പുറത്തായതോടെ കേരളത്തിന്റെ ഇന്നിംഗ്‌സ് 342റൺസിൽ അവസാനിച്ചു.
വിദർഭയ്ക്ക് വേണ്ടി ദർശൻ നൽഖണ്ഡെ, ഹർഷ് ദുബെ, പാർഥ് റെഖാഡെ എന്നിവർ മൂന്ന് വിക്കറ്റ് വീതവും യഷ് താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി.
ഹർഷാരവം
69- രഞ്ജിയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരമെന്ന നേട്ടം സ്വന്തമാക്കി വിദർഭയുടെ ഇടംകൈയൻ സ്പിന്നർ ഹർഷ് ദുബെ. കേരളത്തിനെതിരായ മൂന്ന് വിക്കറ്റുകളോടെ ഈ സീസണിൽ ഹർഷ് ദുബെയുടെ ആകെ വിക്കറ്റ് നേട്ടം 69 ആയി. 2018-19 സീസണിൽ 68 വിക്കറ്റുകൾ വീഴ്ത്തിയ ബിഹാർ താരം അശുതോഷ് അമന്റെ റെക്കോഡാണ് ഹർഷ് ദുബെ തിരുത്തിയത്.
കൈവിട്ടു ലീഡ്
ഈ രഞ്ജി സീസണിൽ ആദ്യമായാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാനാകാതെ പോകുന്നത്. ക്വാർട്ടറിൽ ജമ്മു കശ്‌മീരിനെതിരെ ഒരേ ഒരു റണ്ണിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡിലാണ് കേരളം സെമി ഫൈനലിൽ എത്തിയത്.
സെമിയിൽ ഗുജറാത്തിനെ രണ്ട് റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡൽ മറികടന്നാണ് കേരളം ആദ്യമായി രഞ്ജി ഫൈനലിൽ എത്തിയത്.
ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജംഷഡ്‌പൂരിനെതിരെ
കൊച്ചി: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തിൽ ജംഷഡ്പൂർ എഫ്.സിയെ നേരിടും. കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. പ്ലേഓഫിലേക്കുള്ള വിദൂര സാധ്യത നിലനിറുത്താൻ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു.ജംഷഡ്‌പൂർ പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞ ടീമാണ്.
21 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി 9-ാം സ്ഥാനത്താണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ്. 37 പോയിന്റുള്ള ജംഷഡ്പൂ
ർ നാലാമതാണ്. ഇന്ന് അഞ്ചിന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ മുംബയ്‌യും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടും.
സമനില
ഭുവനേശ്വർ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷ എഫ്.സിയും മുഹമ്മദൻസ് എഫ്.സിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഒഡിഷ എഴാമതും മുഹമ്മദൻസ് അവസാന സ്ഥാനത്തുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |