
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ചുംബനം
ദുബായ് : ചാമ്പ്യൻസ് ട്രോഫിയിൽ ചരിത്രമെഴുതിയാണ് രോഹിത് ശർമ്മയും കൂട്ടരും ഇന്നലെ കിരീടമുയർത്തിയത്. കിവീസ് നൽകിയ 252 റൺസിന്റെ ലക്ഷ്യം ഒരോവർ ബാക്കിനിൽക്കേ മറികടന്ന് ഇന്ത്യ സ്വന്തമാക്കിയത് തങ്ങളുടെ മൂന്നാം ചാമ്പ്യൻസ് ട്രോഫിയാണ്. ആദ്യമായാണ് ഒരു ടീം മൂന്ന് തവണ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാകുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ കിവീസ് ഡാരിൽ മിച്ചലിന്റേയും(63), മിച്ചൽ ബ്രേസ്‌വെല്ലിന്റേയും (53*) അർദ്ധസെഞ്ച്വറികളുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 251/7 എന്ന സ്കോറിലെത്തിയത്. രചിൻ രവീന്ദ്ര(37), ഗ്ളെൻ ഫിലിപ്പ്സ് (34) എന്നിവരും കിവീസ് നിരയിൽ ചെറുത്തുനിന്നെങ്കിലും ഇന്ത്യൻ സ്പിന്നർമാർക്കെതിരെ കൂറ്റൻ സ്കോറിലേക്ക് നീങ്ങാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി സ്പിന്നർമാരായ വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. പേസർ ഷമിക്കും ഒരു വിക്കറ്റ് ലഭിച്ചു.
ആദ്യ മൂന്നോവറിൽ ക്ഷമ കാണിച്ച കിവീസ് ഓപ്പണർമാർ നാലാം ഓവറിലെ പാണ്ഡ്യയുടെ അവസാന മൂന്ന് പന്തുകളിൽ ഒരു സിക്സും രണ്ട് ബൗണ്ടറികളും പറത്തി വീറുകാട്ടി. താൻ എറിഞ്ഞ ഏഴാം ഓവറിൽ രചിൻ രവീന്ദ്രയുടെ സ്കട്രെയ്റ്റ് ഷോട്ടിൽ ക്യാച്ചിന് ശ്രമിച്ച ഷമിയുടെ വിരലിന് പരിക്കേറ്റെങ്കിലും ബൗളിംഗ് തുടർന്നു. അടുത്ത ഓവറിൽ രചിൻ നൽകിയ മറ്റൊരു കാച്ച് അവസരം ഡീപ് മിഡ്‌വിക്കറ്റിൽ ശ്രേയസ് അയ്യർ നഷ്ടമാക്കി. എന്നാൽ ഈ ഓവറിൽതന്നെ വിൽ യംഗിനെ(15) എൽ.ബിയിൽ കുരുക്കി വരുൺ ചക്രവർത്തി കിവീസിന് ആദ്യ പ്രഹരമേൽപ്പിച്ചു. 23 പന്തുകൾ നേരിട്ട യംഗ് രണ്ട് ബൗണ്ടറികളാണ് പായിച്ചത്. യംഗ് പുറത്താകുമ്പോൾ ടീം സ്കോർ 57ലെത്തിയിരുന്നു.
കുൽദീപിന്റെ ഗൂഗ്ളിയിൽ
കുരുങ്ങിയ രചിൻ
യംഗിന് പകരമെത്തിയ മുൻ നായകൻ കേൻ വില്യംസണിനൊപ്പം കാലുറപ്പിക്കാൻ തുടങ്ങിയ രചിന് മടക്കടിക്കറ്റ് നൽകിയത് 11-ാം ഓവറിൽ ബൗളിംഗ് ചേഞ്ചായെത്തിയ കുൽദീപിന്റെ ഗൂഗ്ളിയാണ്. പന്തിന്റെ ടേൺ തിരിച്ചറിയാനാകാതെ ബാറ്റുവെച്ച രചിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പന്ത് സ്റ്റംപ് തെറുപ്പിക്കുകയായിരുന്നു. 29 പന്തുകൾ നേരിട്ട് നാലു ഫോറുകളും ഒരു സിക്സും പായിച്ചാണ് രചിൻ മടങ്ങിയത്. തന്റെ അടുത്ത ഓവറിൽ കേൻ വില്യംസണിനെക്കൂടി പുറത്താക്കി കുൽദീപ് ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.11 പന്തുകൾ നേരിട്ട് 14 റൺസെടുത്ത കേൻ കുൽദീപിന് ഈസി റിട്ടേൺ ക്യാച്ച് സമ്മാനിച്ച് പവിലിയനിലേക്ക് മടങ്ങിയപ്പോൾ കിവീസ് 12.2 ഓവറിൽ 75/3 എന്ന നിലയിലായി.
ജഡേജയുടെ ഉൗഴം
മുൻനിര മടങ്ങിയ കിവികൾക്ക് അടുത്ത പ്രഹരം നൽകിയത് രവീന്ദ്ര ജഡേജയാണ്. 30 പന്തുകൾ നേരിട്ട് 14 റൺസ് നേടിയ ടോം ലതാമിനെ എൽ.ബിയിൽ കുരുക്കിയാണ് ജഡേജ കിവീസിനെ 108/4 എന്ന നിലയിലാക്കിയത്. ജഡേജയുടെ അപ്പീലിൽ അമ്പയർ വിരലുയർത്തിയപ്പോൾ കിവീസ് റിവ്യൂ നൽകിയെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. 25 ഓവറുകൾ പിന്നിടുമ്പോൾ 114/4 എന്ന നിലയിലായിരുന്നു കിവീസ്. തുടർന്ന് ക്രീസിലൊരുമിച്ച ഫിലിപ്പ്സും ഡാരിൽ മിച്ചലും ചേർന്ന് പതിയെ മുന്നോട്ടുനീങ്ങി.
വീണ്ടും വരുൺ
അഞ്ചാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്ത ഫിലിപ്പ്സ് - മിച്ചൽ സഖ്യത്തെ തകർത്തത് വരുണാണ്. 38-ാം ഓവറിൽ ഫിലിപ്പ്സിനെ വരുൺ ബൗൾഡാക്കുകയായിരുന്നു. 52 പന്തുകളിൽ രണ്ടു ഫോറും ഒരു സിക്സുമടക്കമാണ് ഫിലിപ്സ് 34 റൺസ് നേടിയത്. തുടർന്ന് ബ്രേസ്‌വെല്ലിനെക്കൂട്ടി മിച്ചൽ ടീമിനെ 200 കടത്തി.അതിന് മുമ്പ് അർദ്ധസെഞ്ച്വറിയിൽ എത്തുകയും ചെയ്തു.ടീം സ്കോർ 211ലെത്തിയപ്പോൾ മിച്ചൽ വീണു.46-ാം ഓവറിൽ ഷമിയുടെ പന്തിൽ രോഹിത് ശർമ്മ ക്യാച്ചെടുത്താണ് മിച്ചലിനെ പുറത്താക്കിയത്. 101 പന്തുകൾ നേരിട്ട് മൂന്ന് ഫോറുകളാണ് മിച്ചൽ പായിച്ചത്. തുടർന്ന് ബ്രേസ്‌വെൽ അർദ്ധസെഞ്ച്വറിയിലേക്ക് കടന്നപ്പോൾ നായകൻ മിച്ചൽ സാന്റ്നറെ (8) വിരാടും രാഹുലും ചേർന്ന് 49-ാം ഓവറിൽ റൺഔട്ടാക്കി.
തകർപ്പൻ തുടക്കം
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ തകർപ്പൻ തുടക്കമാണ് നൽകിയത്. ശുഭ്മാൻ ഗില്ലിനെ ഒരറ്റത്ത് സാക്ഷിയാക്കി രോഹിത് തകർത്താടി. ആദ്യ ഓവറിലെ രണ്ടാം പന്തിൽതന്നെ ജാമീസണിനെ ഗാലറിയിലേക്ക് ഉയർത്തി വിട്ടാണ് രോഹിത് നയം വ്യക്തമാക്കിയത്. രണ്ടാം ഓവറിൽ ഒ റൂർക്കേയെ രണ്ട് തവണയാണ് ബൗണ്ടറി കാണിച്ചത്. ആറാം ഓവറിലും എട്ടാം ഓവറിലും നഥാൻ സ്മിത്തിനെ സിക്സിന് പറത്തി.ആദ്യ പത്തോവറിൽ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 64 റൺസാണ് നേടിയത്.11-ാം ഓവറിന്റെ ആദ്യ പന്തിൽ സാന്റ്നർക്കെതിരെ സിംഗിൾനേടി രോഹിത് അർദ്ധ സെഞ്ച്വറിയിലെത്തുമ്പോൾ മറുവശത്ത് ഗിൽ 10 റൺസാണ് നേടിയിരുന്നത്. സ്പിന്നർമാർക്കെതിരെ സ്കോറിംഗിന്റെ വേഗം കുറഞ്ഞെങ്കിലും 17 ഓവറിൽ ഇന്ത്യ 100 റൺസിലെത്തി.
അടുത്തടുത്ത് വീണ്
ഗില്ലും വിരാടും
ചേസിംഗ് ഈസിയെന്ന് കരുതിയിരിക്കമ്പോഴാണ് ഇന്ത്യയ്ക്ക് അടുത്തടുത്ത് രണ്ട് വിക്കറ്റുകൾ നഷ്ടമാകുന്നത്.19-ാം ഓവറിലെ നാലാം പന്തിൽ സാന്റ്നറെ വീശിയടിച്ച ഗില്ലിനെ തകർപ്പൻ ക്യാച്ചിലൂടെ ഗ്ളെൻ ഫിലിപ്പ്സാണ് മടക്കിഅയച്ചത്. പകരമിറങ്ങിയ വിരാട് കൊഹ്‌ലിയെ 20-ാം ഓവറിലെ ആദ്യ പന്തിൽ മിച്ചൽ ബ്രേസ്‌വെൽ എൽ.ബിയിൽ കുരുക്കുകയായിരുന്നു. വിരാട് റിവ്യൂ നൽകിയിട്ടും ഗുണമുണ്ടായില്ല. ഇതോടെ ഇന്ത്യ 106/2 എന്ന നിലയിലായി. തുടർന്ന് ശ്രേയസ് അയ്യരും രോഹിതും ചേർന്ന് മുന്നോട്ടുനയിച്ചു. 26 ഓവറിൽ ടീം സ്കോർ 122ൽ നിൽക്കുമ്പോഴാണ് രചിനെ ഇറങ്ങിയടിക്കാൻ ഒരുങ്ങിയ രോഹിതിനെ ലതാം സ്റ്റംപ് ചെയ്തുവിട്ടത്. 83 പന്തുകൾ നേരിട്ട ഇന്ത്യൻ നായകൻ ഏഴു ഫോറും ഒരു സിക്സും പായിച്ചശേഷമാണ് മടങ്ങിയത്.
ഏറ്റെടുത്ത് ശ്രേയസും രാഹുലും
രോഹിത് മടങ്ങിയതോടെ ശ്രേയസ് അയ്യർ ഉത്തരവാദിത്വം ഏറ്റെടുത്തു. അക്ഷർ പട്ടേലിനെ ഒപ്പം നിറുത്തി ശ്രേയസ് മുന്നോട്ടുനീങ്ങി. 62 പന്തുകളിൽ രണ്ടുവീതം ഫോറും സിക്സുമടക്കം 48 റൺസ് നേടിയ ശ്രേയസ് 39-ാം ഓവറിൽ ടീം സ്കോർ 183ൽ എത്തിച്ചശേഷമാണ് രചിന് ക്യാച്ച് നൽകി മടങ്ങിയത്. ഇതോടെ കെ.എൽ രാഹുൽ ക്രീസിലെത്തി. തുടർന്ന് ഹാർദിക് പാണ്ഡ്യ (18*), ജഡേജ (9*) എന്നിവരുടെ പങ്കാളിത്തത്തോടെ രാഹുൽ(34*) ടീമിനെ വിജയത്തിലെത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |