
കഴിഞ്ഞദിവസം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രോഹിത് ശർമ്മ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി കിരീടം ഏറ്റുവാങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ കോൺഗ്രസ് വനിതാ നേതാവ് ഷമ മുഹമ്മദാണ്. കുറച്ചുദിവസം മുമ്പ് രോഹിത് ശർമ്മയെ തടിയനെന്നും ഏറ്റവും മോശം ഇന്ത്യൻ ക്യാപ്ടനെന്നും സോഷ്യൽ മീഡിയയിലൂടെ കുറ്റപ്പെടുത്തിയതാണ് കാരണം. തനിക്കെതിരെ വിമർശനങ്ങൾ ഉയരുമ്പോഴും പതറാതെ ഏറ്റവും നിർണായകമായ യുദ്ധഭൂമിയിൽ മുന്നണിപ്പോരാളിയായി നിന്ന രോഹിതിന്റെ പ്രകടനമാണ് ന്യൂസിലാൻഡിന് എതിരായ ഫൈനലിൽ ഇന്ത്യയെ വിജയിപ്പിച്ചതെന്ന് നിസംശയം പറയാം.
ബാറ്ററായി മാത്രമല്ല, നായകനായും രോഹിത് ആർജിച്ചെടുത്ത പ്രതിഭയുടെ യഥാർത്ഥ പ്രതിഫലനമായിരുന്നു ഫൈനലിൽ കണ്ടത്. ടോസ് ലഭിച്ചില്ലെങ്കിൽ പോലും ദുബായ്‌യിലെ പിച്ചിന്റെ സ്ഥിതി കൃത്യമായി മനസിലാക്കി തന്റെ സ്പിന്നർമാരെ കാര്യക്ഷമമായി വിനിയോഗിച്ച രോഹിതിലെ തന്ത്രഞ്ജനാണ് കിവീസിനെ 251ൽ ഒതുക്കിയത്. വലിയ കൂട്ടുകെട്ടുകളിലേക്ക് നീങ്ങാൻ അനുവദിക്കാതെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിക്കുകയും ബൗളർമാർക്ക് അനുസൃതമായി ഫീൽഡ് സെറ്റ് ചെയ്ത് റണ്ണൊഴുക്ക് തടയുകയും ചെയ്തത് വിജയത്തിൽ നിർണായകമായിരുന്നു.
ടൂർണമെന്റിൽ ഇതുവരെ കണ്ട രോഹിതിനെ ആയിരുന്നില്ല ഫൈനലിൽ ചേസിംഗിന് ഇറങ്ങിയപ്പോൾ കണ്ടത്. ശുഭ്മാൻ ഗില്ലിനെ വിക്കറ്റ് സൂക്ഷിച്ച് കളിക്കാൻ ഒരറ്റത്ത് പറഞ്ഞുറപ്പിച്ച് നിറുത്തിയശേഷം കിവീസ് പേസർമാരെ ആഞ്ഞടിച്ച രോഹിത് 50 റൺസ് തികയ്ക്കുമ്പോൾ ഗിൽ 10 റൺസാണ് നേടിയിരുന്നത്. 108 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഗില്ലിന്റെ സംഭാവന 31 റൺസും. ഗില്ലും വിരാടും അടുത്തടുത്ത് പുറത്തായിട്ടും രോഹിത് ക്രീസിലുണ്ടായതാണ് ആശ്വാസം പകർന്നത്.26 ഓവറുകൾ ക്രീസിൽ നിന്നശേഷമാണ് രോഹിത് പുറത്താകുന്നത്.83 പന്തുകളിൽ ഏഴുഫോറുകളും മൂന്ന് സിക്സുകളുമടക്കം നേടിയ 76 റൺസ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായിരുന്നു. നായകനായി രോഹിത് പകർന്ന വീര്യം തന്നെയാണ് തുടർന്ന് ശ്രേയസിനും രാഹുലിനും ജഡേജയ്ക്കും ചേസിംഗ് അനായാസമാക്കി മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |