
ബംഗളൂരു: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ ഏകീകരിക്കാനും മരുന്ന് വിലയിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി പുതിയ നയം നടപ്പിലാക്കാൻ കർണാടക സർക്കാർ. ഒരേ ചികിത്സയ്ക്ക് വിവിധ ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഇതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി യു.ടി. ഖാദർ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ചർച്ച ആരംഭിച്ചു. രോഗികൾക്ക് ചികിത്സാ വിവരങ്ങളും ചെലവും മുൻകൂട്ടി അറിയാൻ സാധിക്കണമെന്നും ഇതിനായി ആശുപത്രി റിസപ്ഷനുകളിൽ 'റേറ്റ് കാർഡ്' അവതരിപ്പിക്കണമെന്നും മന്ത്രി അറിയിച്ചു. ആശുപത്രികൾ മരുന്നുകൾ വാങ്ങുമ്പോൾ നൽകുന്ന വിലയും അത് രോഗികൾക്ക് നൽകുമ്പോഴുള്ള വിലയും പരസ്യപ്പെടുത്തണം.
എന്നാൽ അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും വ്യത്യസ്തമായതിനാൽ എല്ലാ ആശുപത്രികൾക്കും ഒരേ നിരക്ക് എന്നത് പ്രായോഗികമല്ലെന്ന് സ്വകാര്യ ആശുപത്രി പ്രതിനിധികൾ അറിയിച്ചു. ബിൽ തുക പൂർണമായും അടച്ചില്ലെങ്കിൽ മൃതദേഹം വിട്ടുനൽകാത്തതിനെതിരെയും നടപടിയുണ്ടാകും. ജീവൻരക്ഷാ മരുന്നുകളുടെ ഉയർന്ന വിലയും ചർച്ചയിൽ വിഷയമായി. അവശ്യ മരുന്നുവില കുറയ്ക്കുന്നതിനുള്ള വഴികൾക്കായി മരുന്ന് നിർമ്മാതാക്കളുമായും വിതരണക്കാരുമായും കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ പദ്ധതിയിടുന്നു. ഇൻഷ്വറൻസ് ക്ലെയിമുകൾ കുറയ്ക്കുന്നതിനും ബില്ലുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുമായി ഇൻഷ്വറൻസ് കമ്പനികളുമായും പ്രത്യേക ചർച്ച നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |