
ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്ടനായി അക്ഷർ പട്ടേലിനെ നിയമിച്ചു
ന്യൂഡൽഹി : ഐ.പി.എല്ലിന്റെ ഈ സീസണിൽ ഡെൽഹി ക്യാപ്പിറ്റൽസിനെ ഇന്ത്യൻ ആൾറൗണ്ടർ അക്ഷർ പട്ടേൽ നയിക്കും.കഴിഞ്ഞ സീസണിൽ നായകനായിരുന്ന റിഷഭ് പന്ത് ഇക്കുറി ലക്നൗ സൂപ്പർ ജയന്റ്സിലേക്ക് കൂടുമാറിയതിനാലാണ് ക്യാപ്പിറ്റൽസ് പുതിയ ക്യാപ്ടനെ കണ്ടെത്തിയത്. ലക്നൗവിൽ നിന്ന് 14 കോടിക്ക് സ്വന്തമാക്കിയ കെ.എൽ രാഹുലിനെ ഡൽഹി നായകനാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ക്യാപ്ടനാകാൻ ഇല്ലെന്ന് രാഹുൽ അറിയിച്ചതോടെ അക്ഷറിന് നറുക്ക് വീഴുകയായിരുന്നു.
150 ഐ.പി.എൽ മത്സരങ്ങൾ കളിച്ച ആൾറൗണ്ടറായ അക്ഷർ 1653 റൺസും 132 വിക്കറ്റുകളും നേടിയിട്ടുണ്ട്. 31കാരനായ അക്ഷർ പട്ടേൽ 2019ലാണ് ഡൽഹി ക്യാപ്പിറ്റൽസിലേക്ക് എത്തുന്നത്. ഡൽഹി കുപ്പായത്തിൽ 82 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 967 റൺസും 62 വിക്കറ്റുകളുമാണ് സമ്പാദ്യം. ദുബായ്‌യിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായകപങ്കാണ് അക്ഷർ വഹിച്ചത്.ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ട ആൾറൗണ്ടർ അക്ഷറായിരുന്നു. 102 റൺസും അഞ്ചുവിക്കറ്റുകളും അഞ്ച് മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കി.
ഡൽഹിക്ക് പുതിയ മുഖം
ഈ സീസണിൽ പുതിയ താരങ്ങളെ അണിനിരത്തി കൂടുതൽ കരുത്തോടെയാണ് ഡൽഹി ക്യാപ്പിറ്റൽസ് കളത്തിലിറങ്ങുന്നത്. കെ.എൽ രാഹുൽ, മിച്ചൽ സ്റ്റാർക്ക് , കുൽദീപ് യാദവ്, ട്രിസ്റ്റൺ സ്റ്റബ്സ്, ജെയ്ക്ക് ഫ്രേസർ മക്ഗുർക്ക് തുടങ്ങിയവരാണ് ടീമിന്റെ കുന്തമുനകൾ. അതേസമയം ഭാര്യ ആദ്യ പ്രസവത്തിന് തയ്യാറെടുക്കുന്നതിനാൽ രാഹുൽ ആദ്യ മത്സരങ്ങളിൽ ഡൽഹി ടീമിനൊപ്പം ഉണ്ടാവില്ലെന്ന് സൂചനയുണ്ട്.
ആദ്യ മത്സരം
മാർച്ച് 24 Vs ലക്നൗ സൂപ്പർ ജയന്റ്സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |