
സുൽത്താൻ ബത്തേരി : ഇന്ന് വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനലിൽ ഇരു ടീമുകളിലുമായി അണിനിരക്കുന്ന രണ്ട് മലയാളി താരങ്ങളും ഒരേ നാട്ടുകാരും ഒരേ തട്ടകത്തിൽ പരിശീലിച്ചവരും. മുംബയ് ഇന്ത്യൻസ് ടീമിലുള്ള സജന സജീവനും ഡൽഹി ക്യാപ്പിറ്റൽസിലുള്ള മിന്നുമണിയുമാണ് കലാശക്കളിക്കിറങ്ങുന്ന വയനാട്ടുകാർ. കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള കൃഷ്ണഗിരി സ്റ്റേഡിയത്തിലെ അക്കാഡമിയിൽ നിന്നാണ് ഇരുവരും പരിശീലിച്ചു വളർന്നത്.
അക്കാഡമിയുടെ തുടക്കം മുതലേയുള്ള മിന്നുവാണ് ആദ്യം വനിതാപ്രിമിയർ ലീഗിലും ഇന്ത്യൻ ടീമിലുമെത്തിയത്. പിന്നാലെ സജനയുമെത്തി. അണ്ടർ 19 ഇന്ത്യൻ ടീമിലെത്തിയ ജോഷിതയും നജ്‌ലയും കൃഷ്ണഗിരി അക്കാഡമിയിൽ നിന്നുള്ളവരാണ്. വയനാടുകാരിയായ ജോഷിത വനിതാ ലീഗിൽ ആർ.സി.ബി ടീമിലുണ്ടായിരുന്നു. മലപ്പുറത്തുകാരിയായ നജ്ല കേരള അണ്ടർ 23 ടീമിന്റെ ക്യാപ്ടനാണ്.
2010ൽ തുടക്കം
കേരളക്രിക്കറ്റ് അസോസിയേഷൻ വിഷൻ 20-20 പദ്ധതിയിൽ കൃഷ്ണഗിരിയിൽ വനിതകൾക്കായി ക്രിക്കറ്റ് അക്കാഡമിയും സ്റ്റേഡിയവും നിർമ്മാണം തുടങ്ങിയത് 2010ലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 കുട്ടികളായിരുന്നു തുടക്കത്തിൽ . ആദ്യ മൂന്ന് വർഷം ഹോസ്റ്റൽ വാടകയ്ക്ക് എടുത്തായിരുന്നു കുട്ടികളെ താമസിപ്പിച്ചിരുന്നത്. പിന്നീട് സ്റ്റേഡിയത്തിൽ ഹോസ്റ്റൽ സൗകര്യമായി. ഏഴാം ക്ലാസ് മുതൽ കോളേജ് വരെയുള്ള കുട്ടികൾക്കാണ് ഇവിടെ പരിശീലനം. പരീക്ഷ ഫീസ് ഒഴിച്ചുള്ള എല്ലാ കാര്യങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷനാണ് ചെയ്യുന്നത്. അനു അശോക്, ഇ.ടി.ബാവ, ജസ്റ്റിൻ ഫെർണാണ്ടസ്, ദീപ്തി തുടങ്ങിയവരായിരുന്നു ആദ്യകാല പരിശീലകർ. ജസ്റ്റിൻ ഫെർണാണ്ടസും ജിനിയുമാണ് ഇപ്പോൾ പരിശീലനം നൽകുന്നത്.
പരിശീലനം ഇങ്ങനെ
രാവിലെ ആറര മുതൽ എട്ട് വരെ ഫിറ്റ്നസും ട്രെയ്നിംഗ്. വൈകിട്ട് നാലരമുതൽ ആറരവരെ ക്രിക്കറ്റ് പരിശീലനം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ വയനാട് ജില്ല ക്രിക്കറ്റ് അസോസിയേഷനാണ് നടത്തിപ്പ് . ഇത്തവണത്തെ രഞ്ജി ടീമിന്റെ മാനേജർകൂടിയായ നാസീർമച്ചാനാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |