SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.25 AM IST

കൂപ്പർ സൂപ്പറായി, പഞ്ചാബിന് പണി കിട്ടിയില്ല

ipl

ഗുജറാത്ത് ടൈറ്റാൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്

ന്യൂ ചണ്ഡിഗഡ് : തന്റെ ആദ്യ ഐ.പി.എൽ മത്സരത്തിൽ ഒറ്റയാനെപ്പോലെ പൊരുതി തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെനിന്ന ഓസ്ട്രേലിയക്കാരൻ കൂപ്പർ കൊനോലി (44 പന്തുകളിൽ അഞ്ചുവീതം ഫോറും സിക്സുടക്കം 72 റൺസ്) സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ തോൽവിയിൽ നിന്ന് വിജയത്തിലേക്ക് പിടിച്ചുകയറ്റി. ഇന്നലെ ഗുജറാത്ത് ടൈറ്റാൻസനിതിരെ മൂന്ന് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നൽകിയ 163 റൺസിന്റെ ലക്ഷ്യം അഞ്ചു പന്തുകളും മൂന്നു വിക്കറ്റുകളും ബാക്കി നിറുത്തിയാണ് പഞ്ചാബ് മറികടന്നത്. പ്രഭ്സിമ്രാൻ സിംഗ് (37), ക്യാപ്ടൻ ശ്രേയസ് അയ്യർ (18), വാലറ്റക്കാരൻ സേവ്യർ ബാലറ്റ് (11) എന്നിവർ മാത്രമാണ് കൂപ്പറെക്കൂടാതെ പഞ്ചാബ് നിരയിൽ രണ്ടക്കം കടന്നത്. പ്രിയാംശ് ആര്യ (7), നെഹാൽ വധേര (3),ശശാങ്ക് സിംഗ് (4), മാർക്കസ് സ്റ്റോയ്നിസ് (0), മാർക്കോ യാൻസൻ (9) എന്നിവർ പെട്ടെന്ന് പുറത്തായപ്പോൾ പഞ്ചാബിന് പണികിട്ടുമോ എന്ന് ആരാധകർ ഒന്നുഭയന്നെങ്കിലും കൂപ്പർ കൊനോലി ഒറ്റയ്ക്ക് പൊരുതി വിജയം പിടിച്ചെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്‌ടത്തിലാണ് 162 റൺസ് നേടിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിജയകുമാർ വൈശാഖും രണ്ട് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലും ഒരു വിക്കറ്റ് വീഴ്ത്തി മാർക്കോ യാൻസനുമാണ് ഗുജറാത്തിനെ നിയന്ത്രിച്ചുനിറുത്തിയത്.

ഗുജറാത്തിനായി നായകൻ ശുഭ്മാൻ ഗില്ലും (39) സായ് സുദർശനുമാണ്(13) ഓപ്പണിംഗിന് ഇറങ്ങിയത്. സായ്‌യെ നാലാം ഓവറിൽ മാർക്കോ യാൻസൻ ശ്രേയസ് അയ്യരുടെ കയ്യിലെത്തിക്കുമ്പോൾ ശുജറാത്തിന്റെ സ്കോർ ബോർഡിൽ 37 റൺസുണ്ടായിരുന്നു. തുടർന്ന് ബട്ട്‌ലർ കളത്തിലിറങ്ങി. ഗില്ലും ബട്ട്‌ലറും (38) ചേർന്ന് 46 റൺസാണ് 37 പന്തുകളിൽ നേടിയത്.പത്താം ഓവറിൽ ടീം സ്കോർ 83ൽ നിൽക്കവേ ഗില്ലിനെ യുസ്‌വേന്ദ്ര ചഹൽ മടക്കി അയച്ചു. മുട്ടുകുത്തിയിരുന്ന് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച ഗില്ലിനെ ഡീപ് മിഡ് വിക്കറ്റിൽ കൂപ്പർ കൊനോലിയാണ് പിടികൂടിയത്. 27 പന്തുകൾ നേരിട്ട ഗിൽ ആറു ബൗണ്ടറികൾ പായിച്ച ശേഷമാണ് മടങ്ങിയത്.

തുടർന്ന് ബട്ട്‌ലറും കിവീസ് ബാറ്റർ ഗ്ളെൻ ഫിലിപ്പ്സും(25) ക്രീസിൽ ഒരുമിച്ചു.12-ാം ഓവറിൽ ഗുജറാത്ത് 100 കടന്നു. 14-ാം ഓവറിൽ ഫിലിപ്പ്സും കൂടാരം കയറി. 17 പന്തുകളിൽ ഓരോ ഫോറും സിക്സുമടിച്ച ഫിലിപ്പ്സിനെ വിജയ്കുമാർ വൈശാഖിന്റെ പന്തിൽ യാൻസനാണ് പിടികൂടിയത്. 16-ാം ഓവറിൽ ബട്ട്‌ലറുടെ പോരാട്ടം അവസാനിപ്പിച്ച് ചഹൽ വീണ്ടുമെത്തി. 33 പന്തുകളിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളുമടിച്ച ബട്ട്‌ലറെ ചഹൽ ലോംഗ്ഓണിൽ സേവ്യർ ബാലെറ്റിന്റെ കയ്യിലെത്തിക്കുകയായിരുന്നു.19-ാം ഓവറിൽ വിജയ്കുമാർ വൈശാഖ് വാഷിംഗ്ടൺ സുന്ദറിനെയും (18) ഷാറുഖ് ഖാനെയും (4)കൂടി മടക്കി അയച്ചു.

വിക്കറ്റ് നേടിയ വിജയ്കുമാർ വൈശാഖിനെ അഭിനന്ദിക്കുന്ന പഞ്ചാബ് ക്യാപ്ടൻ ശ്രേയസ് അയ്യർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360