SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.32 AM IST

മൂന്നും തോറ്റ് ചെന്നൈ

ipl

ആർ.സി.ബി 43 റൺസിന് ചെന്നൈയെ തോൽപ്പിച്ചു

ആർ.സി.ബി 250/3, ചെന്നൈ 207

ദേവ്ദത്തിനും (50), ടിം ഡേവിഡിനും (70*) അർദ്ധസെഞ്ച്വറി

സഞ്ജു 9 റൺസിന് പുറത്ത്

ബെംഗളുരു : ഐ.പി.എല്ലിൽ ഈ സീസണിലെ മൂന്നാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്നലെ ബെംഗളുരുവിൽ ആർ.സി.ബിയുമായി നടന്ന മത്സരത്തിൽ 43 റൺസിനായിരുന്നു സഞ്ജു സാംസണിന്റേയും സംഘത്തിന്റേയും തോൽവി. നേരത്തേ രാജസ്ഥാനോടും പഞ്ചാബിനോടും ചെന്നൈ തോറ്റിരുന്നു.

ഇന്നലെ ആർ.സി.ബിക്ക് എതിരെ ജയിക്കാൻ 251 റൺസ് വേണ്ടിയിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് 19.4 ഓവറിൽ 207 റൺസിന് ആൾഔട്ടാവുകയായിരുന്നു. വമ്പൻ സ്കോർ ചേസ് ചെയ്യാനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽതന്നെ റുതുരാജ് ഗെയ്ക്ക്‌വാദ് (7), ആയുഷ് മാത്രേ (1), സഞ്ജു സാംസൺ (9) എന്നിവരെ നഷ്ടമായതോടെ കളിയുടെ ഗതി വ്യക്തമായിരുന്നു. സർഫ്രാസ് ഖാൻ (25 പന്തുകളിൽ 50 റൺസ്),പ്രശാന്ത് വീർ(43),ജാമീ ഓവർട്ടൺ (37),ശിവം ദുബെ (18),അൻഷുൽ കാംബോജ് (19*) എന്നിവരിലൊതുങ്ങി ചെന്നൈയുടെ മറുപടി വീറ്. ആർ.സി.ബിക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രുനാൽ പാണ്ഡ്യ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി മറുനാടൻ മലയാളി താരം ദേവ്‌ദത്ത് പടിക്കൽ (29പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സുമടക്കം 50 റൺസ്), ടിം ഡേവിഡ് (25 പന്തുകളിൽ മൂന്ന് ഫോറുകളും എട്ട് സിക്സുകളുമടക്കം പുറത്താകാതെ 70 റൺസ്), രജത് പാട്ടീദാർ (19 പന്തുകളിൽ ഒരു ഫോറും ആറ് സിക്സുമടക്കം 48 റൺസ്), ഫിൽ സാൾട്ട് (30 പന്തുകളിൽ 46 റൺസ്),വിരാട് കൊഹ്‌ലി (28) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ആർ.സി.ബിയെ തകർപ്പൻ സ്കോറിലെത്തിച്ചത്.

ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ആർ.സി.ബിയെ ബാറ്റിംഗിനിറക്കുകയായിരുന്നു.18 പന്തുകളിൽ രണ്ട് ഫോറുകളും ഒരു സിക്സുമടക്കം 28 റൺസടിച്ച വിരാട് കൊഹ്‌ലിയെ അഞ്ചാം ഓവറിൽ നഷ്ടമായെങ്കിലും ആർ.സി.ബി തളർന്നില്ല. ഓപ്പണിംഗിനിറങ്ങിയ ഫിൽ സാൾട്ടും വിരാടിന് പകരം കളത്തിലെത്തിയ ദേവ്‌ദത്തും ചേർന്ന് ആറോവറിൽ 50 റൺസ് കടത്തി. 11-ാം ഓവറിൽ സാൾട്ട് പുറത്തായപ്പോഴേക്കും ആർ.സി.ബി 93 റൺസിലെത്തിയിരുന്നു. 30 പന്തുകളിൽ മൂന്നു ഫോറുകളും രണ്ട് സിക്സുകളുമാണ് സാൾട്ട് പായിച്ചത്.

സാൾട്ടിന് പകരം നായകൻ രജത് പാട്ടീദാർ ക്രീസിലേക്ക് എത്തിയതോടെ ദേവ്‌ദത്ത് പടിക്കൽ ആഞ്ഞടിക്കാൻ തുടങ്ങി.28 പന്തുകളിൽ ദേവ്‌ദത്ത് അർദ്ധസെഞ്ച്വറി തികച്ചു. ഈ സീസണിൽ ദേവ്‌ദത്തിന്റെ തുടർച്ചയായ രണ്ടാം അർദ്ധസെഞ്ച്വറിയായിരുന്നു ഇത്. 14.1-ാം ഓവറിൽ ഓവർട്ടണിന്റെ ബൗളിംഗിൽ ബൗൾഡാക്കി ദേവ്ദത്ത് മടങ്ങുമ്പോൾ ആർ.സി.ബി 151 റൺസിലെത്തിയിരുന്നു. 29 പന്തുകൾ നേരിട്ട ദേവ്‌ദത്ത് അഞ്ചുഫോറുകളും രണ്ട് സിക്സുകളുമാണ് പായിച്ചത്. ഇതോടെ ടിം ഡേവിഡ് ക്രീസിലേക്കെത്തി.

അവസാന 35 പന്തുകളിൽ രജത്തും ടിം ഡേവിഡും ചേർന്ന് അടിച്ചുകൂട്ടിയത് 99 റൺസാണ്. 19 സിക്സുകളാണ് ആർ.സി.ബി താരങ്ങൾ ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പറത്തിയത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടലാണ് ഇന്നലെ ആർ.സി.ബി ഉയർത്തിയതും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360