SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.11 PM IST

അയ്യരോടാണോടോ കളി !

shreyas-iyer-ipl

ശ്രേയസ് അയ്യരുടെ മികവിൽ സൺറൈസറേഴ്സ് ഹൈദരാബാദിനെ ചേസ് ചെയ്ത് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്

മുള്ളൻപുർ : ആദ്യ എട്ടോവറിൽ 120 റൺസടിച്ച് വിരട്ടിയെങ്കിലും നിശ്ചിത 20 ഓവറിൽ 219/6ലൊതുങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴു പന്ത് ബാക്കിനിൽക്കേ ചേസ് ചെയ്തുവീഴ്ത്തി പഞ്ചാബ് കിംഗ്സ്. 33 പന്തുകളിൽ അഞ്ചുവീതം ഫോറും സിക്സുമടക്കം 69 റൺസുമായി പുറത്താകാതെനിന്ന ക്യാപ്ടൻ ശ്രേയസ്അയ്യരും അർദ്ധ സെഞ്ച്വറികൾ നേടിയ ഓപ്പണർമാരായ പ്രിയാംശ് ആര്യയും (57), പ്രഭ്സിമ്രാൻ സിംഗും (51)ചേർന്നാണ് പഞ്ചാബിന് ആറുവിക്കറ്റ് വിജയമൊരുക്കിയത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് അഭിഷേക് ശർമ്മ (28 പന്തുകളിൽ അഞ്ചുഫോറും എട്ട് സിക്സുമടക്കം 74 റൺസ്),ട്രാവിസ് ഹെഡ് (23 പന്തുകളിൽ 38 റൺസ്) എന്നിവർ മികച്ച തുടക്കം നൽകി. ഇഷാൻ കിഷൻ (27), ഹെൻറിച്ച് ക്ളാസൻ (39), അനികേത് വർമ്മ (18) എന്നിവരും റൺസുയർത്താൻ ശ്രമിച്ചെങ്കിലും 250ന് മുകളിൽ സ്കോർ ചെയ്യാൻ അവസരമുണ്ടായിരുന്ന ഹൈദരാബാദിന് 219ലേ എത്താനായുളളൂ.

എട്ടോവറിൽ 120

അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും ചേർന്ന് ഇന്നലെ ആദ്യ എട്ടോവറിൽ അടിച്ചെടുത്തത് 120 റൺസാണ്. ആറോവർ പവർ പ്ളേയിൽ നേടിയത് 105 റൺസും. ഇത് മൂന്നാം തവണയാണ് ഹൈദരാബാദ് പവർപ്ളേയിൽ നൂറിലേറെ റൺസ് നേടുന്നത്. ഏറ്റവും കൂടുതൽ തവണ ഈ നേട്ടം കൈവരിച്ച ടീമും ഹൈദരാബാദ് തന്നെ.

ആദ്യ രണ്ടോവറിൽ 20 റൺസായിരുന്നു ഹൈദരാബാദിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.എന്നാൽ മൂന്നാം ഓവറിൽ അഭിഷേകും ഹെഡും ചേർന്ന് അർഷ്ദീപിനെ രണ്ട് വീതം ഫോറും സിക്സും പറത്തി ഗിയർ ചെയ്ഞ്ച് ചെയ്തു. 3.4-ാം ഓവറിൽ ടീം 50 കടന്നു. വിജയകുമാർ വൈശാഖ് എറിഞ്ഞ അഞ്ചാം ഓവറിൽ നാലുപടുകൂറ്റൻ സിക്സുകൾ പറത്തിയ അഭിഷേക് 24 റൺസടിച്ചുകൂട്ടുകയും 18 പന്തുകളിൽ അർദ്ധസെഞ്ച്വറി കടക്കുകയും ചെയ്തു. സേവ്യർ ബാർലെറ്റ് എറിഞ്ഞ ആറാം ഓവറിൽ 21 റൺസടിച്ചുകൂട്ടി. പവർപ്ളേയ്ക്ക് ശേഷം ശശാങ്ക് സിംഗ് പന്തെടുത്തപ്പോഴാണ് റണ്ണടിവേഗം ഒന്നുകുറഞ്ഞത്. ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽ ട്രാവിസ് ഹെഡിനെ സേവ്യർ ബാലെറ്റിന്റെ കയ്യിലെത്തിച്ച ശശാങ്ക് മൂന്നാം പന്തിൽ അഭിഷേകിനെ അർഷ്ദീപിന്റെ കയ്യിലുമെത്തിച്ചു. ഇതോടെ സൺറൈസേഴ്സിന്റെ റൺറേറ്റ് ഇടിഞ്ഞു.

അയ്യരുടെ കളി

മറുപടിക്കിറങ്ങിയ പഞ്ചാബിന് വേണ്ടി ഓപ്പണിംഗിൽ പ്രിയാംശും പ്രഭ്സിമ്രാനും കൂട്ടിച്ചേർത്തത് 6.2 ഓവറിൽ 99 റൺസ്. ഏഴാം ഓവറിൽ ശിവാംഗ് കുമാർ പ്രിയാംശിനെയും ഒൻപതാം ഓവറിൽ പ്രഭ്സിമ്രാനെയും 11-ാം ഓവറിൽ കൂപ്പർ കൊനോലിയേയും (11) പുറത്താക്കിയെങ്കിലും ഒരറ്റത്ത് ശ്രേയസ് ഉറച്ചുനിന്ന് പൊരുതിയതോടെ കളി പഞ്ചാബിന്റെ കയ്യിലെത്തി. ശ്രേയർ അയ്യരുടെ ഈ സീസണിലെ രണ്ടാമത്തെ അർദ്ധസെഞ്ച്വറിയാണിത്. അയ്യരാണ് പ്ളേയർ ഒഫ് ദ മാച്ചും.

ഈ സീസണിലെ നാലുമത്സരങ്ങളിൽ പഞ്ചാബിന്റെ മൂന്നാം ജയം. ഏഴുപോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

നാലുമത്സരങ്ങളിൽ സൺറൈസേഴ്സ് ഹൈദരാബാദ് വഴങ്ങുന്ന മൂന്നാം തോൽവി. രണ്ട് പോയിന്റുമായി ആറാം സ്ഥാനത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360